കോഴിക്കോട്: (www.kvartha.com) കൂടത്തായിയില്‍ വിവാഹ സത്കാരത്തിന് എത്തിയയാള്‍ ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ അപകടത്തില്‍പെട്ട് തലകുടുങ്ങി മരിച്ചു. ചക്കികാവ് പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍ (53) ആണ് മരിച്ചത്. കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
അയല്‍വാസിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം. സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നിവീണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും തല കുടുങ്ങുകയും ഇതിനിടെ, ലിഫ്റ്റ് ഉയരുകയും ചെയ്തു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍തന്നെ താഴെയിറക്കിയെങ്കിലും ദാസന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഓമശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ദാസനെ രക്ഷിക്കാനായില്ല. ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങള്‍ മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളില്ലെന്ന് ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
Keywords: News,Kerala,State,Local-News,Kozhikode,Death, Accident,Injured,hospital,Marriage,Police,Case, Kozhikode: Man died after falling from the lift during wedding reception