തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നിയമസഭയില്‍ ചര്‍ച ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച. എം വിന്‍സെന്റ് എംഎല്‍എയാണ് വിഷയം അവതരിപ്പിച്ചത്.
എം വിന്‍സെന്റ്, സജി ചെറിയാന്‍, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്‌സിന്‍, പി കെ കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനൂപ് ജേകബ്, തോമസ് കെ തോമസ്, മോന്‍സ് ജോസഫ്, വി ജോയി, വി ഡി സതീശന്‍ എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്നത്.
വി ജോയ്
തുറമുഖം സര്‍കാര്‍ ഉടമസ്ഥതയില്‍ വേണമെന്ന ആവശ്യം അട്ടിമറിച്ചത് യുഡിഎഫ് എന്ന് വി ജോയ് ആരോപിച്ചു. ഇതിനുള്ള ഗൂഢാലോചന നടന്നത് ഒരു കോണ്‍ഗ്രസ് എംപിയുടെ വസതി കേന്ദ്രീകരിച്ചാണ്. വിഴിഞ്ഞത്തിന്റെ മറവില്‍ വീണ്ടും വിമോചന സമരമെന്ന പരിപ്പ് വേവിക്കുകയാണെന്നും ആരോപണം. വൈദിക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തി. ചില വൈദികരുടെ വാക്കുകള്‍ തീവ്രവാദ സ്വഭാവമുള്ളതാണ്. ലതീന്‍ സഭ ഒരുവിഭാഗത്തെ ഇങ്ങനെ അഴിച്ചുവിടാമോ? പഴയ ചരിത്രം ലതീന്‍ സഭ മറക്കാന്‍ പാടുണ്ടോയെന്നും ചോദ്യം.
എന്ത് വിടുവായത്തവും പറയുന്ന ആളാണ് കെ സുധാകരനെന്നും ആരോപണം. ഇതിനെതിരെ നിയമസഭയില്‍ ബഹളമുണ്ടായി. പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധിക്കാമെന്ന് സ്പീകര്‍ അറിയിച്ചു.
മുഹമ്മദ് മുഹ്‌സിന്‍
ഉമ്മന്‍ ചാണ്ടി 485 കോടി രൂപയുടെ പാകേജ് പ്രഖ്യാപിച്ചെന്നും ആ പാകേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നും ചോദ്യം. പാകേജ് നടപ്പാക്കാത്തതാണ് സമരത്തിന് കാരണം. മന്ത്രി അബ്ദുര്‍ റഹ്‌മാന്‍ തികഞ്ഞ മതേതരവാദിയാണ്. ഐഎസ്ആര്‍ഒയ്ക്ക് സ്ഥലം കൊടുത്തവരെ മര്‍ദിച്ച് ഒതുക്കാന്‍ ശ്രമിക്കരുത്. കേന്ദ്ര സേനയെ വിളിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നു.
പി കെ കുഞ്ഞാലിക്കുട്ടി
മന്ത്രി വി അബ്ദുര്‍ റഹ്‌മാനെതിരായ പ്രസ്താവനയെ അപലപിക്കുന്നു. കേരളം അടുത്തിടെ കേട്ട എറ്റവും മോശം പ്രസ്താവനയെന്നും വിഴിഞ്ഞം തുറമുഖം വേണമെന്നും ആവശ്യം. സജി ചെറിയാന്‍ കരഞ്ഞപ്പോള്‍ തീരം കണ്ണീരൊപ്പി. പക്ഷേ, അവരുടെ കണ്ണീരൊപ്പിയില്ലെന്നും പറഞ്ഞു.
എം വിന്‍സെന്റ്
വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അടിയന്തരപ്രമേയ നോടിസ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചത് സര്‍കാരാണെന്നും നാലുമാസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാണിക്കുന്നത് സര്‍കാരിന്റെ പരാജയമാണ്. സമരക്കാരെ ശത്രുതാ മനോഭാവത്തോടെയാണ് സര്‍കാര്‍ കണ്ടത്.
വിഴിഞ്ഞം സമരത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഇങ്ങനെ പറയുന്നത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടവരാണോ മീന്‍പിടുത്ത തൊഴിലാളികള്‍ എന്ന് എല്ലാവരും ഓര്‍ക്കണം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച തൊഴിലാളികള്‍ ഒരു ആവശ്യവുമായി വരുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്.
നാലു വര്‍ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. മന്ത്രിമാരോ എന്തിന് ലോകല്‍ കമിറ്റി സെക്രടറിമാരോ ഒരു ദിവസം ഗോഡൗണില്‍ കഴിയുമോ. മുതലപ്പൊഴിയില്‍ നിരവധിപേര്‍ കടലില്‍ മരിച്ചെങ്കിലും സര്‍കാര്‍ നടപടിയെടുത്തില്ല. തൊഴിലാളികള്‍ മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കണമെന്ന് പറയുന്നതാണോ രാജ്യദ്രോഹം.
ചര്‍ചകളുടെ അഭാവമാണ് വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഉമ്മന്‍ ചാണ്ടി സര്‍കാര്‍ പ്രശ്‌നങ്ങള്‍ ചര്‍ചയിലൂടെ പരിഹരിച്ചാണ് മുന്നോട്ടുപോയത്. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് എല്‍ഡിഎഫ് തുടക്കം മുതല്‍ ശ്രമിച്ചത്. നാല് മഞ്ഞക്കല്ലുമായി വന്ന് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്റെ വികസന നയം. വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യം .
സമരത്തെ സര്‍കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉപരോധ സമരം തുടങ്ങിയശേഷമാണ് ചര്‍ചകള്‍ തുടങ്ങിയത്. 'ഞങ്ങള്‍ തുറമുഖത്തിന് എതിരല്ല. സമരക്കാരുമായി സര്‍കാര്‍ ചര്‍ചയ്ക്ക് തയാറാകണം. തുറമുഖ ഉദ്ഘാടനം ബഹിഷ്‌കരിച്ചത് സിപിഎമുകാരാണ്. ഉദ്ഘാടനത്തിന് വന്നവരെ സിപിഎമുകാര്‍ കല്ലെറിഞ്ഞു. നവംബര്‍ 26നുണ്ടായ സംഘര്‍ഷം പൊലീസ് സൃഷ്ടിച്ചതാണ്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം'
എം വിന്‍സെന്റ് വിഷയം അവതരിപ്പിക്കുന്നതിനിടെ സഭയില്‍ ബഹളമുണ്ടായി. എം വിന്‍സെന്റ് കരയുന്നുവെന്ന് ഭരണപക്ഷം കമന്റ് ചെയ്തു. കരയാനും ഒരു മനസ് വേണമെന്ന് എം വിന്‍സെന്റ് തിരിച്ചടിച്ചു.
സജി ചെറിയാന്‍
വിഴിഞ്ഞം വിഷയത്തില്‍ യുഡിഎഫ് കുളംകലക്കി മീന്‍പിടിക്കുകയാണ്. അടിയന്തര പ്രമേയ ചര്‍ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനു യുഡിഎഫ് കാലത്താണ് എല്ലാ അനുമതികളും ലഭിച്ചത്. ഒരു കോര്‍പറേറ്റ് കംപനിക്കു പൂര്‍ണമായി നിര്‍മാണം കൈമാറുകയാണ് യുഡിഎഫ് ചെയ്തത്. തുറമുഖത്തിന് ജനകീയ മുഖം നല്‍കാന്‍ ശ്രമിച്ചത് എല്‍ഡിഎഫാണ്. തീരത്തിന്റെ കണ്ണീര്‍ ഒപ്പിയതും ഇടതു സര്‍കാരാണ്. മീന്‍പിടുത്ത തൊഴിലാളികളെ എന്നും സൈന്യമായി കാണുന്ന സര്‍കാരാണിത്.
തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. രാജ്യാന്തര തലത്തില്‍ വലിയ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. എല്‍ഡിഎഫിന്റെ കാലത്ത് വികസനം നടക്കരുതെന്നാണ് യുഡിഎഫ് നിലപാട്. ഈ തുറമുഖം വരാതിരിക്കാന്‍ വലിയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോടികള്‍ ചെലവഴിച്ച് നിര്‍മാണം ആരംഭിച്ച തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല.
ചര്‍ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോടിസിന് അനുമതി നല്‍കിയിരുന്നു. പ്രധാന വിഷയമായതിനാല്‍ അടിയന്തരപ്രമേയം ചര്‍ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലതീന്‍ അതിരൂപതയും നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചര്‍ച ചെയ്യുന്നത്.
രമേശ് ചെന്നിത്തല
വിഴിഞ്ഞം പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തത് എല്‍ഡിഎഫ് ആണ്. 7000 കോടിരൂപയുടെ അഴിമതി ആരോപണമാണ് സിപിഎം യുഡിഎഫ് സര്‍കാരിനെതിരെ ഉന്നയിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍കാര്‍ നിയോഗിച്ച അന്വേഷണ കമിഷന്‍ യുഡിഎഫ് സര്‍കാരിന് ക്ലീന്‍ ചിറ്റ് നല്‍കി. നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയുന്നതിനെ എതിര്‍ത്തവരാണ് സിപിഎം. ഒടുവില്‍ വിമാനത്താവള കംപനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സിപിഎം നേതാക്കളെത്തി. പാര്‍ടി പത്രം പറയുന്നതുപോലെ ആന്റണി രാജുവിന്റെ സഹോദരന്‍ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Kerala Assembly to discuss Vizhinjam seaport issue, Thiruvananthapuram, News, Conspiracy, Trending, Assembly, Criticism, Kerala.