Controversy | സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യു ഡി എഫ് അംഗീകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
Aster mims 04/11/2022

Controversy | സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരന്‍

സജി ചെറിയാന്‍ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതെന്ന് സി പി എം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സിപിഎമിന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരന്‍ ചോദിച്ചു. ഭരണത്തിലിരിക്കുന്ന സിപിഎം ഏത് കാര്യത്തിലാണ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ചോദിച്ച സുധാകരന്‍ എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് പാര്‍ടി സ്വീകരിച്ചതെന്നും വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സി പി എം തീരുമാനിച്ചു. പാര്‍ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തില്‍ പോലും അന്വേഷണം നടത്താന്‍ തയാറാകുന്നില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന് തീരുമാനിക്കാന്‍ സിപിഎമിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമിന് എന്തും ആവാമെന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന്റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സിപിഎമിന്റെ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു. മയക്കുമരുന്ന് വില്‍ക്കുന്നവന് വേണ്ടിയാണോ സര്‍കാര്‍ ഭരണം നടത്തുന്നത്. യുവതലമുറയെ എങ്ങോട്ടാണ് സര്‍കാര്‍ നയിക്കുന്നത്. നിയമസംവിധാനം നിലനില്‍ക്കാത്ത സമൂഹത്തില്‍ യുവതലമുറ വഴിതെറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്.

മനോഹര ഭരണഘടനയാണ് ഇന്‍ഡ്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിടീഷുകാരന്‍ പറഞ്ഞ് തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്‍ഡ്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതിവെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

Keywords: K Sudhakaran reacts to Saji Cherian's minister post, Kannur, News, Politics, CPM, Congress, K Sudhakaran, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia