Discrimination | മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച് അയിത്തം: തമിഴ്നാട്ടില്‍ ദലിതരുടെ കുടിവെള്ളത്തിന്റെ ടാങ്കില്‍ മലമൂത്രവിസര്‍ജ്യം തള്ളിയതായി പരാതി; വിവരം പുറത്തുവന്നത് കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍
Dec 29, 2022, 13:09 IST
ചെന്നൈ: (www.kvartha.com) ജാതി വേര്‍തിരിവും നിറത്തിന്റെയും പണത്തിന്റെയും പേരില്‍ അയിത്തം കല്പിക്കുകയും ചെയ്യുന്ന വിവേചനത്തിന്റെ അങ്ങേയറ്റം മോശമായ മറ്റു കാര്യങ്ങളും രാജ്യത്ത് ഇപ്പോഴും നടക്കുന്നുവന്നതിന്റെ ഞെട്ടിക്കുന്ന വിവരമാണ് തമിഴ്നാട്ടില്‍ നിന്ന് പുറത്തുവരുന്നത്. പുതുക്കോട്ടൈ ജില്ലയിലെ ഇരായൂര്‍ ഗ്രാമത്തില്‍
ദലിത് വിഭാഗത്തില്‍പെട്ടവര്‍ക്കായി വച്ച കുടിവെള്ളത്തിന്റെ ടാങ്കില്‍ മനുഷ്യന്റെ മലമൂത്രവിസര്‍ജ്യം തള്ളിയതായി പരാതി.
നൂറോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന 10,000 ലീറ്ററിന്റെ ടാങ്കിലാണ് ക്രൂര സംഭവം. ടാങ്കിനുള്ളില്‍ വലിയ അളവില്‍ വിസര്‍ജ്യം കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് പുതുക്കോട്ടൈ കലക്ടര്‍ കവിത രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും മധ്യ തമിഴ്നാട്ടിലെ ഇരായുര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച എത്തിയിരുന്നു. അടുത്തിടെ, ഗ്രാമത്തിലെ കുട്ടികള്‍ക്ക് രോഗം പിടിപെട്ടിരുന്നു. കുടിവെള്ളത്തിന്റെ പ്രശ്നമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ഗ്രാമീണര്‍ ടാങ്കിനു മുകളില്‍ക്കയറി ഉള്‍വശം പരിശോധിച്ചത്.
ആരാണ് കുറ്റക്കാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ടാങ്കിന് ചുറ്റുമുള്ള വേലി ആരോ തുറന്നിരുന്നുവെന്നും ഗ്രാമീണര്‍ ടാങ്കിന് മുകളില്‍ കയറിയപ്പോള്‍ അതിന്റെ മൂടി മാറിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും എന്നാല്‍ ഇതിനു മുകളില്‍ ആരെങ്കിലും കയറുന്നതോ മാലിന്യം ഇടുന്നതോ ആരും കണ്ടിട്ടില്ലെന്നും കലക്ടര്‍ കവിത രാമു പറഞ്ഞു.
'ഉയര്‍ന്ന അളവില്‍ വിസര്‍ജ്യം ടാങ്കിനുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്. വെള്ളം മഞ്ഞനിറത്തിലായി. അതു മനസിലാക്കാതെ ഒരാഴ്ചയോ അതില്‍ക്കൂടുതലോ ആയി ജനങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.'- കുട്ടികള്‍ രോഗബാധിതരാകാന്‍ തുടങ്ങിയപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തക മോക്ഷ ഗുണവലഗന്‍ പറയുന്നു.
അതേസമയം, അന്വേഷണത്തിനായി ഗ്രാമത്തിലെത്തിയ അധികൃതര്‍ക്ക് കണ്ടെത്താനായത് ജാതി വിവേചനത്തിന്റെ അങ്ങേയറ്റം മോശമായ മറ്റു കാര്യങ്ങളായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ ചായക്കടയില്‍ രണ്ടു തരത്തിലുള്ള ഗ്ലാസ് ഉണ്ട്. ഒന്ന് ദലിതര്‍ക്ക് ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഇപ്പോഴും ദലിതര്‍ക്കു പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
ജാതിവിവേചനം ആഴത്തില്‍ വേരോടുന്ന ഗ്രാമങ്ങളില്‍ ഒന്നാണ് ഇതെന്ന് ഗ്രാമീണര്‍ പറയുന്നു. കഴിഞ്ഞ മൂന്നു തലമുറകളിലായി ദലിത് വിഭാഗക്കാര്‍ക്ക് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ചായക്കടയിലെ ഗ്ലാസുകളുടെ കാര്യവും അങ്ങനെതന്നെ. ചായക്കടയുടമയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയവര്‍ ആരൊക്കെയെന്ന് പറയണമെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപിയും ഒരു സംഘത്തെ അയയ്ക്കുമെന്നാണ് റിപോര്‍ട്.
Keywords: News,National,India,chennai,Tamilnadu,Crime,Drinking Water,Water,Top-Headlines,District Collector,Crime,Complaint, In Tamil Nadu Village, Feces Dumped In Water Tank For Dalits
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.