കൊച്ചി: (www.kvartha.com) ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേകബിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈകോടതി. കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈകോടതിയുടെ നടപടി. കേസില്‍ അന്വേഷണം തുടരാമെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ സാബു എം ജേകബ് ചോദ്യംചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
സാബു എം ജേകബ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍കാര്‍ നേരത്തെ ഹൈകോടതിയെ അറിയിച്ചിരുന്നു. എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേകബ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സര്‍കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 17-ന് ഐകരനാട് കൃഷിഭവനില്‍ നടന്ന കര്‍ഷക ദിനാഘോഷത്തിനിടെ തന്നെ അപമാനിച്ചെന്നും അത് ജാതി അധിക്ഷേപമായിരുന്നുവെന്നും കാട്ടിയായിരുന്നു ശ്രീനിജിന്റെ പരാതി.
എന്നാല്‍ പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പി വി ശ്രീനിജന്‍ എംഎല്‍എയുമായുള്ളത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
Keywords: High Court temporarily stays arrest of Sabu M Jacob, Kochi, News, Arrest, Probe, High Court of Kerala, Complaint, Kerala.