Follow KVARTHA on Google news Follow Us!
ad

Mullaperiyar | മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും റിപോര്‍ട്; തമിഴ് നാട് കനിഞ്ഞാല്‍ എല്ലാം പെട്ടെന്ന് നടക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Idukki,Mullaperiyar Dam,Meeting,Report,Kerala,
തിരുവനന്തപുരം: (www.kvartha.com) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും റിപോര്‍ട്.
കേരളം നിയോഗിച്ച സാങ്കേതിക സമിതിയാണ് ഇതുസംബന്ധിച്ച റിപോര്‍ട് നല്‍കിയത്.

പുതിയ ഡാം നിര്‍മിക്കുന്നതിനു മുന്നോടിയായി കരാര്‍ ഏജന്‍സി നല്‍കിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ മൂന്ന് വാല്യങ്ങളുള്ള കരടു റിപോര്‍ടാണു സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധര്‍ ഉള്‍പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചത്.

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പഴയ ഡാമിന്റെയും പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടി പ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിനു കരടു റിപോര്‍ട് സമര്‍പ്പിച്ചത്.

മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയെയും പുതിയ ഡാമിന്റെ നിര്‍മാണം ഒരു തരത്തിലും നേരിട്ടോ അല്ലാതെയോ ബാധിക്കില്ലെന്നും ജൈവ വൈവിധ്യത്തിനു ദോഷകരമല്ലെന്നും കരടു റിപോര്‍ടില്‍ പറയുന്നു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 50 ഹെക്ടര്‍ സ്ഥലത്തായിരുന്നു പഠനം. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപോര്‍ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും.

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂകില്‍, കുമളി പഞ്ചായതിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.

പരിസ്ഥിതി ആഘാത പഠനത്തിന്റെ കരടു റിപോര്‍ടിന് കേരളം അംഗീകാരം നല്‍കിയതോടെ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പ്രോജക്ട് റിപോര്‍ട് (ഡിപിആര്‍) തയാറാക്കുന്ന ജോലികളും കേരളം ആരംഭിച്ചു. പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള സ്ഥലം 1979ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഡിപിആറുമായി മുന്നോട്ടു പോകാന്‍ 2011 ലാണു കേരളം തീരുമാനിച്ചത്. 600 കോടി രൂപയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. മണ്ണു പരിശോധന ഉള്‍പെടെയുള്ളവ കേരളം പൂര്‍ത്തിയാക്കി, അണക്കെട്ടിന്റെ രൂപരേഖയും തയാറാക്കി. എന്നാല്‍ തമിഴ്‌നാട് എതിര്‍ത്തതോടെയാണ് പാതിവഴിയിലായത്.

പുതിയ സാഹചര്യത്തില്‍ ഡാമിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുന്നതിനു 40% നടപടികളും ജലസേചന വകുപ്പ് പൂര്‍ത്തിയാക്കി. നിലവിലെ സാഹചര്യത്തില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് 11001500 കോടി രൂപയാകുമെന്നാണു ജലസേചന വകുപ്പിന്റെ വിലയിരുത്തല്‍. 2011ല്‍ ഡിപിആര്‍ തയാറാക്കിയപ്പോള്‍ ഇത് 800 കോടി രൂപയായിരുന്നു. പുതിയ ഡിപിആര്‍ തയാറാക്കാന്‍ മൂന്നു മാസം വേണ്ടി വരും. തുടര്‍ന്ന്, കേന്ദ്ര ജലകമിഷന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിക്കായി സമര്‍പ്പിക്കും.

തമിഴ്‌നാടും കേരളവും അഭിപ്രായ ഐക്യത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാമെന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് പച്ചക്കൊടി കാട്ടിയാല്‍ അഞ്ചു മുതല്‍ 10 വര്‍ഷത്തിനകം ഡാം നിര്‍മിക്കാമെന്നാണ് കേരളം കരുതുന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള തമിഴ്‌നാട് ചീഫ് സെക്രടറിമാര്‍ തിങ്കളാഴ്ച ചെന്നൈയില്‍ ചര്‍ച നടത്തും. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചില പരാതികള്‍ ചര്‍ച ചെയ്തു പരിഹരിക്കാന്‍ ചീഫ് സെക്രടറിതല ചര്‍ച നടത്തണമെന്നു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു ചര്‍ച.

Green signal for new dam at Mullaperiyar, Thiruvananthapuram, News, Idukki, Mullaperiyar Dam, Meeting, Report, Kerala

Keywords: Green signal for new dam at Mullaperiyar, Thiruvananthapuram, News, Idukki, Mullaperiyar Dam, Meeting, Report, Kerala.

Post a Comment