ന്യൂഡെല്‍ഹി: (www.kvartha.com) തവാങ്ങിലെ ഇന്‍ഡ്യ-ചൈന സംഘര്‍ഷത്തില്‍ ഇന്‍ഡ്യയ്ക്ക് പിന്തുണയുമായി അമേരിക. നിലവിലെ സാഹചര്യങ്ങള്‍ സൂഷ്മമായി വിലയിരുത്തുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്നും അമേരിക വ്യക്തമാക്കി.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു.
ഇന്‍ഡോ- പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രടറി പാറ്റ് റൈഡര്‍ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരികയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി.
യഥാര്‍ഥ നിയന്ത്രണരേഖയുടെ തല്‍സ്ഥിതിമാറ്റാന്‍ ചൈന ശ്രമിച്ചതായി കേന്ദ്രസര്‍കാര്‍ ചെവ്വാഴ്ച സഭയില്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്‍ഡ്യന്‍ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയിരുന്നു. താവാങ്ങില്‍ ഇന്‍ഡ്യന്‍ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്‌നേഹത്തോടും ഇന്‍ഡ്യന്‍ സൈനികര്‍ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്‍ഡ്യന്‍ സൈനികര്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയില്‍ ഇരുവിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന ചര്‍ചയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരുമാനിച്ചതായും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചു.
ഇതിനിടെ ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടാന്‍ നിര്‍ദേശം. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അരുണാചല്‍ മേഖലയിലും ദെപ്‌സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. കമാന്‍ഡര്‍തല ചര്‍ചയ്ക്കുള്ള നിര്‍ദേശം ഇന്‍ഡ്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്.
അതേസമയം ഇന്‍ഡ്യ-ചൈന സംഘര്‍ഷത്തിന്റേതായി പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ വിഷയം ബുധനാഴ്ചയും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാര്‍ടികളുടെ യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് എല്ലാ പ്രതിപക്ഷ പാര്‍ടികളേയും ക്ഷണിച്ച് യോഗം വിളിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ചര്‍ച ചെയ്യാനാണ് യോഗം.
Keywords: News,National,India,New Delhi,Protest,Army,Soldiers,America,Top-Headlines,China,Trending,Border, Fully Support India's Efforts To Control Situation: US On India-China Clash At Arunachal LAC