SWISS-TOWER 24/07/2023

Former Pope Dead | പോപ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ കാലം ചെയ്തു

 


ADVERTISEMENT

വതികാന്‍ സിറ്റി: (www.kvartha.com) പോപ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ (95) കാലം ചെയ്തു. വതികാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വതിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
Aster mims 04/11/2022

Former Pope Dead | പോപ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ കാലം ചെയ്തു

ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപയായത്.

ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക് തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കതോലികാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണികിലെ ആര്‍ച് ബിഷപായി.

1980 ല്‍ ബിഷപുമാരുടെ സിനഡുകളില്‍ മാര്‍പാപ അവതരിപ്പിക്കേണ്ട റിപോര്‍ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു 'ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച് ബിഷപായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

കൗമാരത്തില്‍ തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.

നിലപാടുകളുടെ കാര്‍കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെയും അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചതിനെ 'വിപ്ലവകരം' എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്.

ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപയായിരുന്നു. സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വതികാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി.

Keywords: Former Pope Emeritus Benedict XVI dies at 95: Vatican, Pop, Dead, Obituary, Dead, World, News, Religion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia