പട്‌ന: (www.kvartha.com) ബിഹാറിലെ ബേട്ടിയ ജില്ലയില്‍ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ സ്ത്രീകളെ അത്യാസന്നനിലയില്‍ തൊട്ടടുത്തുള്ള സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭൂമിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്വാര ഗ്രാമത്തിലാണ് സ്ത്രീകള്‍ ഭൂമിയെച്ചൊല്ലി പ്രതിഷേധവുമായി എത്തിയത്.
1985ല്‍ ഭൂരഹിതരായ തൊഴിലാളികള്‍ക്കുള്ള സഹായത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ഭൂമിയാണ് ഇതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കുടിയിറക്കപ്പെട്ടവര്‍ ഇതിനെതിരേ രംഗത്തെത്തിയപ്പോള്‍ കേസ് കോടതിയിലേക്ക് നീണ്ടു. തുടര്‍ന്ന് 2004 മുതല്‍ സ്ഥലത്തെ നടപടികള്‍ മരവിപ്പിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തിന്റെ മുന്‍ ഉടമസ്ഥന്‍ ശിശിര്‍ ദുബെ ട്രാക്ടറുമായെത്തി ബലമായി നിലം ഉഴുതുമറിക്കാന്‍ ആരംഭിച്ചു. ഇതിനെതിരെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ സമയം, ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,Patna,Shot,Injured,Accused,Arrested,Police,Local-News,Clash, Five Women Shot Over Land Dispute In Bihar Village