കോഴിക്കോട്: (www.kvartha.com) സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എക്സൈസ് കേസെടുത്തു. 'നല്ല സമയം' എന്ന മലയാളം സിനിമയുടെ ട്രെയിലറില്‍ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്.
'നല്ല സമയം' എന്ന ചിത്രത്തില്‍ ലഹരിമരുന്ന് ഉപയോഗം നിരവധി തവണ കാട്ടിയെന്നാണ് പരാതി. എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങള്‍ ചുമത്തിയാണ് സംവിധായകനെതിരെ കേസെടുത്തത്. കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സുധാകരന്റെയാണ് നടപടി.
ഇര്‍ശാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ടിഫികറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കുശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ കലന്തൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: News,Kerala,State,Kozhikode,Case,Cinema,Entertainment,Director, Excise Booked Against Director Omar Lulu