ന്യൂഡെല്‍ഹി: (www.kvartha.com) ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കി മോദി സര്‍കാര്‍ ന്യൂനപക്ഷങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ടി നേതാവ് ഇ ടി മുഹമ്മദ് ബശീര്‍. പ്രത്യയശാസ്ത്രത്തില്‍ വിയോജിപ്പുണ്ടെന്ന് കരുതി ക്ഷേമപദ്ധതികള്‍ പക്ഷപാതമാക്കരുതെന്നും ലോക്‌സഭയിലെ ധനാഭ്യര്‍ഥന ചര്‍ചയില്‍ ഇ ടി ബശീര്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍കാര്‍ ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം ന്യൂനപക്ഷങ്ങളോടുള്ള സര്‍കാരിന്റെ നിഷേധാത്മക സമീപനം മൂലം കടുത്ത പ്രയാസങ്ങളിലേക്കാണ് ആ വിഭാഗം തള്ളപ്പെടുന്നതെന്നും അഭിപ്രായപ്പെട്ടു. പ്രീമെട്രിക് സ്‌കോളര്‍ഷിപും മൗലാന ആസാദ് ഫെലോഷിപും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു.
പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയെന്ന ഒരു പ്രയോഗമുണ്ട് മലയാളത്തില്‍. അതാണ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മോദി സര്‍കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിനെതിരെ തിങ്കളാഴ്ച സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക നീതിക്കും ശാക്തീകരണത്തിനുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി റിപോര്‍ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സഭാതലത്തില്‍ വെച്ചപ്പോള്‍ ചെലവിടാത്ത ഫന്‍ഡിനെ കുറിച്ചുള്ള വിവരങ്ങളാണതില്‍ എന്നും ബശീര്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വകുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മൃതിയടഞ്ഞോ എന്ന് ഈ റിപോര്‍ട് വായിച്ചാല്‍ തോന്നിപ്പോകും. ന്യൂനപക്ഷ ക്ഷേമപദ്ധതികളോട് തണുപ്പന്‍ സമീപനമാണെന്ന് റിപോര്‍ട് വ്യക്തമാക്കുന്നു. ബജറ്റ് വിഹിതം വിനിയോഗിക്കുന്നതില്‍ പോലും ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വര്‍ഷാവസാനം ബജറ്റ് വിഹിതം വിനിയോഗിക്കാതെ പാഴാക്കുകയാണ്. സര്‍കാര്‍ ജപിച്ചു കൊണ്ടിരിക്കുന്ന 'സബ്കാ സാഥ് സബ്കാ വികാസ്' മന്ത്രം അധരവ്യായാമം മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് ഈ പരാജയത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യയശാസ്ത്രത്തില്‍ വിയോജിപ്പുകള്‍ ഉള്ളവരോട് ക്ഷേമപദ്ധതികളില്‍ പക്ഷപാതം കാണിക്കരുത്. അതവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോട് നീതി ചെയ്യണം. ദേശീയ അഖണ്ഡതയും മതസൗഹാര്‍ദവും സമാധാനപരമായ സഹവര്‍തിത്തവും ഇന്‍ഡ്യയില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യസമര ചരിത്രം പോലും തിരുത്തി എഴുതി യുവതലമുറയുടെ മനസ് മലിനമാക്കുകയാണെന്നും ബശീര്‍ കുറ്റപ്പെടുത്തി.
Keywords: ET Muhammed Basheer reacts to Minority Scholarships in Loksabha, New Delhi, News, Politics, Narendra Modi, Prime Minister, Students, National.