ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാതിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചു. ജനവിധി മണിക്കൂറുകള്‍ക്കുള്ളിലറിയാം. ഗുജറാതിലെ 182 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാതില്‍ 33 ജില്ലകളിലായി 37 വോടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഗുജറാതില്‍ 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ചത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാര്‍ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഗുജറാതില്‍ ബിജെപി ഏഴാം തവണയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണ് നേടിയത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് കാംപ്.
182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോടെടുപ്പില്‍ 63.14% പോളിങ് രേഖപ്പെടുത്തി. 2017ല്‍ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോടെടുപ്പില്‍ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നീ പ്രമുഖരുള്‍പെടെ ജനവിധി തേടുന്നു.
ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് ഭരണത്തുടര്‍ച്ചയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്‌വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നീ പ്രമുഖരുള്‍പെടെ ജനവിധി തേടുന്നു. 19 ബിജെപി വിമതരും 8 കോണ്‍ഗ്രസ് വിമതരും ജനവിധി തേടുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ് മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും വോടെണ്ണല്‍ നടക്കും. സമാജ് വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് എസ് പി സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. യുപിയിലെ രാംപൂര്‍, ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്താന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Keywords: News,National,India,Trending,Top-Headlines,Politics,party,Assembly,Assembly Election,BJP,Congress,AAP,Gujarat,himachal pradesh, Election Results 2022: Gujarat, Himachal Pradesh in suspense as counting of votes to begin soon