കണ്ണൂര്‍: (www.kvartha.com) ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയേക്കുമെന്ന് സൂചന. ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് പാര്‍ടി വൃത്തങ്ങളില്‍ ലഭിക്കുന്ന വിവരം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഒഴിയുമെന്നാണ് റിപോര്‍ട്. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ പി പങ്കെടുത്തേക്കില്ല. എന്നാല്‍, അന്നേദിവസം കോഴിക്കോട്ട് നടക്കുന്ന ഐഎന്‍എല്‍ പരിപാടിയില്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാന സമിതിയില്‍ തനിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ ഇ പി ജയരാജന് കടുത്ത അതൃപ്തിയുണ്ട്. പി ജയരാജന്‍ വിഷയം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനായിരുന്നു സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നല്‍കിയ മറുപടി. നിലവിലെ സാഹചര്യത്തില്‍ പി ജയരാജന്‍ പരാതിയുമായി മുന്നോട്ട് തന്നെ പോകും. ആ സാഹചര്യത്തില്‍ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാര്‍ടി അന്വേഷണ കമീഷനെ വയ്ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇ പി വിഭാഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത ഇപി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന.
മൊറാഴയിലെ വൈദേകം റിസോര്‍ടില്‍ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി ജയരാജന്‍ പറഞ്ഞത്. പാര്‍ടിയുടെ താല്‍പര്യത്തില്‍നിന്നും നാടിന്റെ താല്‍പര്യത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കമ്യൂനിസ്റ്റ് പാര്‍ടിയില്‍ ചര്‍ച നടന്നാല്‍ പാര്‍ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാദ റിസോര്‍ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ പി ജയരാജന്റെ ഭാര്യയും മകനും അംഗമാണെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. 2014ലാണ് അരോളിയില്‍ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്ന് കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡികല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കംപനി രെജിസ്റ്റര്‍ ചെയ്തത്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണുള്ളതെന്ന് കംപനിയുടെ മാസ്റ്റര്‍ ഡേറ്റയില്‍ പറയുന്നു. കംപനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇ പിയുടെ മകന്‍ ജയ്‌സനാണ് കംപനിയില്‍ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടര്‍.
ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് തുക വെട്ടിച്ചെന്നും സിപിഎമിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫന്‍ഡിനായി പിരിച്ച തുക മുഴുവന്‍ പാര്‍ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
Keywords: News,Kerala,State,Top-Headlines,Trending,Politics,Political party,CPM,E.P Jayarajan,P Jayarajan,Allegation, E P Jayarajan move to vacate LDF Convenor post