കാസര്‍കോട്: (www.kvartha.com) സമരപ്പന്തലില്‍ നിന്ന് പണവും രേഖകളും ഡയറിയുമടങ്ങിയ ബാഗ് മോഷണം പോയെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രടേറിയറ്റിന് മുന്നില്‍ നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതെന്നാണ് പരാതി.
കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാരം നടത്തുന്നതിനിടെ ഒക്ടോബര്‍ 12നായിരുന്നു സംഭവം. സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും ദയാബായി പറഞ്ഞു.
'നിരാഹാരത്തിനിടെ വൈകിട്ട് നാലിന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാര്‍ഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്‌സിലുണ്ടായിരുന്നു. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ? ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസുകാര്‍ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോള്‍ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല.'- ദയാബായി പറഞ്ഞു.
നഷ്ടമായ പണത്തെക്കാളും ആ രേഖകളാണ് തിരിച്ചു കിട്ടേണ്ടതെന്നും ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകള്‍ എഴുതി വച്ച ഡയറി ഉള്‍പെടെയാണ് നഷ്ടപ്പെട്ടതെന്നും അതിന് ജീവനെക്കാള്‍ വിലയുണ്ടെന്നും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്ക് സ്വന്തമായി വീടും പണിയുന്നതിനായി സ്വരൂപിച്ച് വെച്ചതില്‍പെട്ടതാണ് പഴ്‌സിലെ പണമെന്നും അവര്‍ പറഞ്ഞു.
Keywords: News,Kerala,State,kasaragod,Complaint,theft,House,Endosulfan,Strike,Police, Daya Bai lost diary from protest site