തലശേരി: (www.kvartha.com) ഇരിക്കൂര്‍ പടിയൂരില്‍ വീട്ടില്‍ വെച്ച് ദളിത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന നാട്ടുകാരനായ പാപ്പച്ചനെന്നയാള്‍ ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇരിക്കൂര്‍ എസ്‌ഐ അറിയിച്ചു. ഇരിക്കൂര്‍ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച സന്ധ്യയോടെയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം. വിഷ്ണുവിന്റെ അമ്മ രാധ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്ത് പോകാന്‍ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരുന്ന വിഷ്ണുവെത്തുന്നത്. അമ്മ വെള്ളമെടുത്ത് വീട്ടില്‍ വന്നപ്പോള്‍ അബോധാവസ്ഥയില്‍ ചെരിഞ്ഞു കിടക്കുന്ന വിഷ്ണവിനെയാണ് കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് നെഞ്ചില്‍ നിന്നും ചോരയൊലിപ്പിച്ചിരുന്ന വിഷ്ണുവിനെ ഇരിട്ടി താലൂക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൃത്യം നടക്കുന്ന സമയത് പാപ്പച്ചനെന്ന് പറയുന്നയാള്‍ അവിടെ വന്നിരുന്നുവെന്നാണ് അയല്‍വാസികള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷ ഇയാളെ കാണാതായി. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ കഴിയുന്ന പാപ്പച്ചനായി ഇരിക്കൂര്‍ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
സുകുമാരന്‍ - രാധ ദമ്പതികളുടെ മകനായ വിഷ്ണു കാര്‍ഷിക ജോലികള്‍ ചെയ്ത് ജീവിക്കുന്ന തൊഴിലാളിയാണ്. ഏകസഹോദരന്‍ ജിഷ്ണു. വിഷ്ണുവിന്റെ മൃതദേഹം പരിയാരത്തെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Keywords: News,Kerala,State,Thalassery,Killed,Crime,Police,Local-News,Investigates, Dalit youth's murder case: Police intensified search for accuse