കൊച്ചി: (www.kvartha.com) സൈകിള്‍ പോളോ താരം നിദ ഫാത്വിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കി ഹൈകോടതി. കോടതി ഉത്തരവോടെ എത്തിയിട്ടും സംഘാടകര്‍ നിദ ഫാത്വിമക്ക് വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കിയത്. വെള്ളിയാഴ്ച തന്നെ കോടതി ഹര്‍ജി പരിഗണിക്കും.
നിദയുടെ മരണത്തില്‍ കേരള സൈകിള്‍ പോളോ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹര്‍ജി നല്‍കുക. നിദ ഫാത്വിമയുടെ മരണത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനും നോടീസ് നല്‍കിയിട്ടുണ്ട്. എ എം ആരിഫ് എം പിയാണ് നോടീസ് നല്‍കിയത്. അതേസമയം നിദ ഫാത്വിമയുടെ പോസ്റ്റ്‌മോര്‍ടം വെള്ളിയാഴ്ച നടക്കും. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.
മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് നിദയുടെ കോച് ജിതിനും നിദയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ടീമിലുണ്ടായിരുന്ന 29 പേരും പുറത്തുനിന്നും കൊണ്ടുവന്ന ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും അവര്‍ക്കൊന്നും കുഴപ്പമില്ലെന്നും നിദയ്ക്ക് മാത്രമാണ് ഛര്‍ദി അനുഭവപ്പെട്ടതെന്നും ജിതിന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധയേറ്റല്ല നിദ മരിച്ചതെന്നും ചികിത്സാ പിഴവാണെന്നും ജിതിന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്വിമ (10) നാഗ്പൂരില്‍ മരിച്ചത്. ദേശീയ സബ് ജൂനിയര്‍ സൈകിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
നാഷനല്‍ സബ് ജൂനിയര്‍ സൈകിള്‍ പോളോ ചാംപ്യന്‍ഷിപില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈകിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ. ബുധനാഴ്ച രാത്രി മുതല്‍ തുടര്‍ചയായി നിദ ഛര്‍ദിച്ചിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇന്‍ജക്ഷന്‍ നല്‍കിയ ഉടന്‍ കുഴഞ്ഞുവീണെന്നും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും വൈകാതെ മരിച്ചെന്നുമാണ് വിവരം.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രെജിസ്റ്റര്‍ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്വിമ ഉള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍, ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നും പറയുന്നു.
Keywords: Cycle polo player Nida Fathima's death; HC allowed Contempt petition, Kochi, News, High Court of Kerala, Player, Lawyers, Kerala.