ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ച് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ ആണ് കത്തയച്ചത്.
യാത്ര ഡെല്‍ഹിയിലെത്തിയപ്പോള്‍ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഡെല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക് അത് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോഡോ യാത്രയിലെ സഹയാത്രികരുമാണ് രാഹുലിന് സുരക്ഷാവലയം തീര്‍ത്തത്. ഡെല്‍ഹി പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നും വേണുഗോപാല്‍ കത്തില്‍ കുറ്റപ്പെടുത്തി. യാത്രയില്‍ പങ്കെടുക്കുന്നവരെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഡെല്‍ഹിയില്‍ എത്തിയ ജോഡോ യാത്ര ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി മൂന്നിന് കശ്മീര്‍ ഗേറ്റില്‍ നിന്നാണ് പുനരാരംഭിക്കുന്നത്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ പ്രശ്നമുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകാനുള്ളതെന്നും അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര നിര്‍ത്തിവെപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. യാത്രയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ച് യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Congress writes to Amit Shah over security breach in Bharat Jodo Yatra, New Delhi, News, Security, Congress, Letter, Allegation, Rahul Gandhi, National.