കണ്ണൂര്‍: (www.kvartha.com) രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുന്ന മോദി ഭരണത്തിന് എതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ജമ്മുകാശ്മീര്‍ വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി.
കോണ്‍ഗ്രസ് 138-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റി നടത്തിയ ആയിരങ്ങള്‍ അണിനിരന്ന ജന്മദിന റാലി സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡ്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഛിന്നഭിന്നമായ ഒരു നാട്ടുരാജ്യത്തെയാണ് ബ്രിടീഷുകാര്‍ കൈയിലേല്‍പ്പിച്ചത്. ആ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചും വിവിധ ഭാഷ, സംസ്‌കാരം എന്നിവയെ എല്ലാം കൂട്ടിയോജിപ്പിച്ചും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ മതേതര ഇന്‍ഡ്യ കെട്ടിപ്പടുത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു ചരടിലെ കണ്ണിപോലെ കൂട്ടിയോജിപ്പിച്ച് ഇന്ന് നാം കാണുന്ന ഇന്‍ഡ്യയായി മാറ്റിയെടുത്തത് രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നുവെന്ന് സുധാകരന്‍ ഓര്‍മിപ്പിച്ചു.
മോദി സര്‍കാര്‍ രാജ്യത്തെ ഛിന്നഭിന്നമാക്കുകയെന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചരിത്രതാളുകള്‍ എല്ലാം മൂടിവെച്ച് ഇവര്‍ രാജ്യത്തെ മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വിഭാഗക്കാരെയും തമ്മിലടിപ്പിച്ച് അതിലൂടെ അധികാരത്തിന്റെ അപ്പ കഷണം നുണയുന്നതിനു വേണ്ടി എന്തും കാട്ടിക്കൂട്ടുകയാണ് ചെയ്യുന്നത്.
പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്നു. ഏത് വിധേനയും ഒത്തൊരുമിച്ച് കഴിഞ്ഞിരുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടുമായാണ് അവര്‍ മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
യുവതല മുറക്ക് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങളും ഇപ്പോഴത്തെ സര്‍കാരുകള്‍ കാണിക്കുന്ന നെറികേടുകളും സമൂഹമധ്യത്തില്‍ ഉയര്‍ത്തികൊണ്ടുവരുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ജന്മദിനത്തില്‍ ശ്രമിക്കുന്നത്. ഇവിടെ ഭരിക്കുന്ന സര്‍കാരുകളുടെ നെറികെട്ട ഭരണത്തെ കുറിച്ച് ഈ അവസരത്തില്‍ പറഞ്ഞ് ജന്മദിന പവിത്രത കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ പി സി സി വര്‍കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ് എംഎല്‍എ, സോണി സെബാസ്റ്റ്യന്‍, അഡ്വ. പി എം നിയാസ്, കെ ജയന്ത്, ടി ഒ മോഹനന്‍, പി ടി മാത്യു, വി എ നാരായണന്‍, സജീവ് മാറോളി, ശമ മുഹമ്മദ്, ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേതാക്കളായ എം നാരായണന്‍ കുട്ടി, എംപി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, കെ പ്രമോദ്, പിസി ഷാജി, മുഹമ്മദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, അബ്ദുല്‍ റഷശീദ് വിപി, രജനി രമാനന്ദ്, മുഹമ്മദ് ശമ്മാസ്, സുദീപ് ജെയിംസ്, എം വി മധുസൂധനന്‍, റശീദ് കവായി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Congress held birthday rally in Kannur, gathering thousands of people, Kannur, News, Politics, Congress, K Sudhakaran, Rally, Kerala.