Follow KVARTHA on Google news Follow Us!
ad

Vizhinjam Port | വിഴിഞ്ഞം കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ വികസന പദ്ധതി; വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല; നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Chief Minister's reply to Vincent's emergency resolution#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 80 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തന്നെ വിഘാതമായി വരുന്നതാണ്.

നോട്ടീസില്‍ പറയുന്നത് പദ്ധതിയുടെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങള്‍ ഇപ്പോഴും സിമന്റ് ഗോഡൗണിലാണ് എന്നതാണ്. പദ്ധതിയുടെ ഭാഗമായി തീരശോഷണമുണ്ടായിട്ടുണ്ടോ, ഉണ്ടാകുമോ എന്ന കാര്യം പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതിനു പുറമെയാണ് പാരിസ്ഥിതികാനുമതിക്കെതിരായ പരാതികള്‍ പരിഗണിച്ചപ്പോള്‍  ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി) തുടര്‍പഠനങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം തുടര്‍പഠനങ്ങള്‍ ആറു മാസത്തിലൊരിക്കല്‍ നടന്നുവരികയാണ്. ഈ പഠനങ്ങളിലൊന്നും തന്നെ പദ്ധതി കാരണം തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.

പദ്ധതി ആരംഭിക്കുമ്പോള്‍ നടത്തിയ കാര്യങ്ങളെക്കുറിച്ച് 14.07.2015 ന് ചട്ടം 300 പ്രകാരം നിയമസഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്. 'പദ്ധതിയുടെ ബാഹ്യാടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ ആക്കം കൂട്ടി. 2011 ജൂണ്‍/ജൂലൈ മാസങ്ങളില്‍ പരിസ്ഥിതി പഠനത്തിനുള്ള ToR അംഗീകരിച്ചു.  ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും പരിസ്ഥിതി പഠനത്തിന്റെയും പബ്ലിക് ഹിയറിംഗിന്റെയും ഒടുവില്‍ 2014 ജനുവരി 3 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു''.

പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെല്ലാം തുറമുഖം നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം സാധാരണ തുറമുഖമേഖലകളില്‍ കാണുന്ന തീരശോഷണം പോലും ഇവിടെ ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
പുനരധിവാസം

പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്നത്തിന്റെ കാര്യത്തില്‍ തികച്ചും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. മാറിത്താമസിക്കേണ്ട കുടുംബങ്ങള്‍ക്ക് പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതില്‍ 24.09 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

475 കോടി രൂപയുടെ പുനരധിവാസ പദ്ധതി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 'അംഗീകാരം നല്‍കിയ' 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലായെന്നാണ് പ്രമേയാവതാരകന്‍ പറയുന്നത്. ഇങ്ങനെയൊരു പദ്ധതി അംഗീകരിച്ച് തുക അനുവദിച്ചിട്ടില്ലായെന്നതാണ് വസ്തുത. വിഴിഞ്ഞം തുറമുഖ പദ്ധതിയിലോ ബജറ്റിലോ ഒരു തുകയും അനുവദിക്കാതെ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രം ഇറങ്ങിയിട്ടുണ്ട്. ഇതിനെ ഒരു പാക്കേജായി പ്രമേയാവതാരകന് എങ്ങനെ പറയാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല. ഇതിനെ വിഴിഞ്ഞം പദ്ധതിക്കായുള്ള പുനരധിവാസ പാക്കേജായി പറയാനാവുമോ? എന്തായാലും തുക അനുവദിക്കാത്ത പാക്കേജാണെന്ന് വ്യക്തം.

ബജറ്റില്‍ തുക വകയിരുത്താതെയോ പ്രോജക്ടില്‍ ഉള്‍ക്കൊള്ളിക്കാതെയോ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ അത് ഒരു പുനരധിവാസ പാക്കേജായി എങ്ങനെ കാണാന്‍ കഴിയും എന്നത് എത്ര ആലോചിച്ചാലും മനസ്സിലാകുന്നില്ല.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രമേയാവതാരകന്‍ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിലേക്കു വരുന്നതിനു മുമ്പ് സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളും അവയില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും വിശദമാക്കാം.
 
സമരം നടത്തുന്നവര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി ഈ ഏഴ് ആവശ്യങ്ങളുടെ മേലിലും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കാം:

1) വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസം:

കടലാക്രമണത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ മേഖലയുടെ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടപ്പാക്കിവരികയാണ്. 2,450 കോടി രൂപ അടങ്കലുള്ള പദ്ധതിയാണ് പുനര്‍ഗേഹം. തീരദേശത്തെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം 276 ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതില്‍ 340 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകളും 475 കുടുംബങ്ങള്‍ക്ക് വീടുകളും തിരുവനന്തപുരം ജില്ലയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.  971 കുടുംബങ്ങള്‍ ഭവന നിര്‍മ്മാണത്തിനായി ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലാണ്. അവശേഷിക്കുന്ന ഭവനരഹിതരായ പ്രദേശവാസികള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിക്കാനായി മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്റെ 8 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. ഇത് പരമാവധി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  
2) മണ്ണെണ്ണ സബ്സിഡി: 

മണ്ണെണ്ണ വിലവര്‍ദ്ധനയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ലിറ്ററിന് 25 രൂപ എന്ന സബ്സിഡി തുടര്‍ന്നും അനുവദിക്കുന്നുണ്ട്. പാരമ്പര്യേതര ഇന്ധനങ്ങളിലേക്ക് മാറുവാനുള്ള പ്രേരണയും അതിനായുള്ള ഒറ്റത്തവണ സബ്സിഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. മണ്ണെണ്ണ സബ്സിഡിയിനത്തില്‍ 2016 മുതല്‍ ഇതുവരെ 252.68 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

3) കാലാവസ്ഥാ മുന്നറയിപ്പ് വേളകളില്‍ നല്‍കുന്ന സമാശ്വാസം:
 
കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലില്‍ പോകാന്‍ കഴിയാതെവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഒരു കുടുംബത്തിന് 1,200 രൂപ വീതം ആകെ 18.36 കോടി രൂപ അനുവദിച്ചു. 2021 സെപ്റ്റംബറില്‍ കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിലിനു പോകാന്‍ കഴിയാതെ വന്നപ്പോള്‍ സഹായമായി 47.84 കോടി രൂപ അനുവദിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യബന്ധന തൊഴിലിന് ഏര്‍പ്പെടാന്‍ കഴിയാതെ വരുമ്പോള്‍ കൃത്യമായ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ സ്വമേധയാ തന്നെ ഉറപ്പുവരുത്തുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം തൊഴില്‍ ചെയ്യാന്‍ സാഹചര്യമില്ലാതാകുന്നവര്‍ക്ക് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയും തൊഴില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നു.

4) മുതലപ്പൊഴി പ്രശ്നം:
 മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തെപ്പറ്റി ഉയര്‍ന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭ്യമായാല്‍ തുടര്‍നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും. ഇത് സമരസമിതിയെ അറിയിച്ചിട്ടുമുണ്ട്.

5) തീരശോഷണം സംബന്ധിച്ച പഠനം :
 
പാരിസ്ഥിതികാനുമതി ലഭിച്ച ഘട്ടത്തിലും, എന്‍ ജി ടിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പഠനങ്ങള്‍ക്കു പുറമെ പ്രദേശവാസികളുടെ ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പുതിയ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി ശാസ്ത്രീയമായ അപഗ്രഥനം നടത്തി റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കുന്നതാണ്. സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

6) ക്യാമ്പുകളില്‍  കഴിയുന്നവര്‍ക്ക് വീടുകള്‍ക്കുള്ള മാസവാടക :
  
ക്യാമ്പില്‍ കഴിയുന്ന 102 കുടുംബങ്ങളും ബന്ധുവീട്ടിലും വാടകവീട്ടിലും കഴിയുന്ന 182 കുടുംബങ്ങളും ഉള്‍പ്പെടെ 284 കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

പദ്ധതിബാധിത പ്രദേശമായ കോട്ടപ്പുറത്ത് നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

നിലവിലെ വിഴിഞ്ഞം സി.എച്ച്.സിയെ 80 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയര്‍ത്തുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. കൂടാതെ കോട്ടപ്പുറം വാര്‍ഡില്‍ 10 കിടക്കകളുള്ള ഒരു ആശുപത്രി സ്ഥാപിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത് ഒരു പകല്‍വീട് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം കോട്ടപ്പുറത്ത് വി.ഐ.എസ്.എല്‍ ലഭ്യമാക്കിയ സ്ഥലത്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇവിടെ പ്രദേശവാസികള്‍ക്കായി തുറമുഖാനുബന്ധ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരിശീലനം നല്‍കുന്നതാണ്. തുറമുഖ പദ്ധതിയോടനുബന്ധിച്ച് 3.3 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് നല്‍കുന്ന പദ്ധതിയിലൂടെ പ്രദേശത്ത് ജലം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, കോട്ടപ്പുറം പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പ്രദേശത്തെ 1,000ല്‍പ്പരം വീടുകളിലും ജലവിതരണ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. നിലവിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അജൈവ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയില്‍ കോട്ടപ്പുറത്ത് ഒരു സീഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇവയ്ക്കെല്ലാം പുറമെ ചേര്‍ന്ന് പദ്ധതിപ്രദേശങ്ങളില്‍ ഒട്ടനവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇവയെല്ലാം പദ്ധതിബാധിത പ്രദേശത്തുള്ളവര്‍ക്ക് നല്‍കിയ ജീവനോപാധി നഷ്ടപരിഹാരത്തിനു പുറമെയാണ്.

ഇത്രയും കാര്യങ്ങള്‍ നടന്നുകഴിഞ്ഞ ശേഷം ഈ പദ്ധതി ഉപേക്ഷിക്കണം എന്നൊക്കെ പറയാന്‍ എങ്ങനെയാണ് കഴിയുന്നത്. അത്തരമൊരു വിനാശകാരിയായ തീരുമാനത്തിലേക്കെത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ? ആര്‍ക്കെങ്കിലും കഴിയുമോ?

പ്രമേയവതാരകന്‍ പറയുന്ന മറ്റൊരു കാര്യം അവിടെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെപ്പറ്റിയാണ്. എത്ര കുഴപ്പമുണ്ടാക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചാലും സംയമനത്തിന്റെ അതിരു വിട്ട് സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അക്രമസംഭവങ്ങളുണ്ടായാല്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഈ നാട്ടില്‍ ഇദംപ്രഥമമായിട്ടില്ലല്ലോ. ആരെ കേസില്‍ ഉള്‍പ്പെടുത്തണമെന്നും ഉള്‍പ്പെടുത്തണ്ടായെന്നും തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ബഹു. കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവുകള്‍ പ്രമേയാവതാരകന്റെ ശ്രദ്ധയില്‍പ്പെടാത്തതാണോ?

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണം പറയുന്നത് കേന്ദ്രസേനയെ കൊണ്ടുവരുന്നുവെന്നാണ്. സംസ്ഥാന ക്രമസമാധാനപാലനം സംസ്ഥാന പോലീസ് നല്ല രീതിയില്‍ കൈകാര്യം ചെയ്തുവരികയാണ്. തുറമുഖം പോലുള്ള ഒരു തന്ത്രപ്രധാനമായ സ്ഥലത്ത് കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ല എന്ന കാരണം പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേന വരുന്നു എന്ന വ്യാജ പ്രചരണം നടത്തുകയാണ്. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ സംരക്ഷണമുണ്ടല്ലോ? തുറമുഖ നിര്‍മ്മാണ കരാര്‍ പ്രകാരം തുറമുഖ നിര്‍മ്മാണത്തിന് കരാര്‍ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ കരാര്‍ ഒപ്പുവച്ചത് 2015 ലാണ്. ഈ സമയത്ത് കേരളത്തില്‍ അധികാരത്തിലിരുന്നത് ആരാണെന്ന് പ്രമേയാവതാരകന് ഓര്‍ത്തെടുക്കേണ്ടി വരില്ല.

സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലായെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. ഇതിനായി പ്രത്യേകം മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 19 ന് ആദ്യ യോഗം ചേര്‍ന്നതു മുതല്‍ ഈ സമിതി സജീവമായ നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനകം ആഗസ്റ്റ് 19, ആഗസ്റ്റ് 24, സെപ്റ്റംബര്‍ 5, സെപ്റ്റംബര്‍ 23 എന്നീ തീയതികളില്‍ മന്ത്രിസഭാ ഉപസമിതി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ അനൗപചാരിക ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിതലത്തിലും ഒന്നലധികംവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനുമായുള്ള എല്ലാ വാതിലുകളും തുറന്നുവയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആശങ്കകള്‍ ദൂരികരിക്കാന്നുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

കേരളത്തിന്റെ സുപ്രധാന പശ്ചാത്തലസൗകര്യ പദ്ധതിയായ, ഇതിനകം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന യുക്തിരഹിതമായ ആവശ്യം അംഗീകരിക്കാന്‍ ഒരു കാരണവശാലും  സാധ്യമല്ല. അതില്‍ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്ന് അറിയാനുള്ള താത്പര്യവും ഇവിടെ സാന്ദര്‍ഭികമായി പ്രകടിപ്പിക്കുകയാണ്.

ക്രമസമാധാന പ്രശ്നം

തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാല്‍ കേസ് എടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സഭാ നേതാക്കള്‍ എതിര്‍ കക്ഷികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഹര്‍ജിയിലെ റെസ്പോണ്‍ഡന്റ് നമ്പര്‍ 9 മുതല്‍ താഴോട്ടുള്ളവരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയില്ലല്ലോ. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നത്.  

ക്രമസമാധാനപാലനം പോലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. നിയമം കയ്യിലെടുക്കുന്നവരെ പോലീസിന് നിയന്ത്രിച്ചേ മതിയാകൂ. പ്രകോപന പ്രസംഗങ്ങള്‍ മുതല്‍ കടലില്‍ ബോട്ട് കത്തിക്കുന്നതുവരെയുള്ള പ്രതിഷേധ രീതി നമ്മള്‍ കണ്ടു. പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികളെയും ആംബുലന്‍സില്‍ പോയിരുന്നവരെയും തിരുവനന്തപുരം നഗരത്തില്‍ തടയുന്ന സ്ഥിതിയുണ്ടായി. ഗര്‍ഭിണികളെ വരെ തടഞ്ഞുവച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി ബോട്ട് കത്തിക്കാനാണ് ഒരു ഘട്ടത്തില്‍ ഒരുങ്ങിയത്. അത് നടക്കാതെ വന്നപ്പോള്‍ കടലിലിട്ട് ബോട്ട് കത്തിച്ചു.

ലത്തീന്‍ സഭ പൊതുവെ നമ്മുടെ സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മറ്റ് സാമൂഹ്യ വിഷയങ്ങളിലും വളരെ അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുന്ന സഭയാണ്. സര്‍ക്കാരുമായും ഊഷ്മളമായ ബന്ധമാണ് സഭയ്ക്കുള്ളത്. എല്ലാ  പുരോഹിത ശ്രേഷ്ഠന്മാരുമായും സര്‍ക്കാര്‍ പല ഘട്ടങ്ങളില്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേതെന്ന്  മനസ്സിലാക്കാവുന്നതേയുള്ളൂ. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോ എന്ന് സംശയിക്കേണ്ടിവരും. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ഇത്തരം ആളുകള്‍ ആരുടെ നാവായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങള്‍ക്ക് സംശയം തോന്നും. 

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്  തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ ഇതുപോലുള്ള പ്രധാന പദ്ധതികളില്‍ വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കും. നിക്ഷേപകരെ പിന്തിരിപ്പിക്കും. അതുകൊണ്ടാണ് നിഷേധാത്മക സമീപനം വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോള്‍ 6 വര്‍ഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിര്‍വ്വഹണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കുന്നത് അസാദ്ധ്യമാണ്.  

ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും സധൈര്യം നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍ കിവരുന്നത്. 
സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും  പരിഗണിക്കും.

മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സംയമനത്തോടെയാണ് സര്‍ക്കാരും പോലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഏതുവിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടെയല്ലായെന്നും ചിലര്‍ക്കെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും കാണേണ്ടതുണ്ട്.

ഇത് നാടിനെയും ഇവിടത്തെ ജനങ്ങളെയാകെയും ബാധിക്കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ ദിവസം പോലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃക തന്നെയാണ്. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിനു പുരോഗതി അന്യമായിക്കൂടാ. സമാധാനത്തിനു ഭംഗവും വന്നുകൂടാ. ഈ രണ്ടു ലക്ഷ്യങ്ങളും ഒരേ സമയം നേടണമെങ്കില്‍ സമചിത്തതയോടെയുള്ള നിലപാട് എല്ലാവരും എടുക്കേണ്ടതുണ്ട്.
 
പോലീസ് സ്റ്റേഷന്‍ അക്രമണം

ഈ ആഗസ്ത് 16 മുതലാണ് തുറമുഖനിര്‍മ്മാണത്തിനെതിരെ അതിന്റെ കവാടത്തില്‍ ഉപരോധ സമരം നടന്നുവരുന്നത്. സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമില്ല എന്ന് സമര സമിതി നേതാക്കള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കാന്‍ കരാര്‍ പ്രകാരം സര്‍ക്കാരും ബാധ്യസ്ഥമാണ്.  നവംബര്‍ 26 ന് രാവിലെ 11 മണിയോടെ നിര്‍മ്മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറികള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോടതിയില്‍ നല്‍കിയ ഉറപ്പിനും കോടതി നിര്‍ദേശത്തിനും വിരുദ്ധമായ നടപടിയായിരുന്നു ഇത്. അവിടെ സമരസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

തുറമുഖ വിരുദ്ധര്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ മുന്നണിയുടെ സമരപ്പന്തലിലേയ്ക്ക് മാര്‍ച്ച് നടത്തി. അതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അവരുടെ സമരപ്പന്തല്‍ പൊളിച്ചു. ആ സംഭവത്തില്‍  സമാധാനത്തിനായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സമീപ വീടുകളിലെ ജനാലകള്‍ തുറമുഖ വിരുദ്ധര്‍ കല്ലെറിഞ്ഞ് നശിപ്പിച്ചു.

മുല്ലൂര്‍ പനവിള ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കമ്പ്യൂട്ടര്‍, മില്‍ക്ക് ടെസ്റ്റിങ്ങ് യന്ത്രം,  ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുറമുഖ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ 8 കേസുകളും, ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ 1 കേസും ഉള്‍പ്പെടെ ആകെ 9 കേസുകള്‍ അന്ന് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.

കേസുകളില്‍ ഒന്നില്‍ പ്രതിയായ ചരുവിള കോളനി സ്വദേശിയെ  അടുത്ത ദിവസം ഉച്ചയ്ക്കും മറ്റൊന്നില്‍ പ്രതികളായ നാലുപേരെ വൈകീട്ടും സിറ്റി ഷാഡോ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ 5 പ്രതികളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സന്ധ്യയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ ആദ്യം 100 പേരും തുടര്‍ന്ന് ജനക്കൂട്ടവും വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വളഞ്ഞു. 3 പോലീസ് ജീപ്പുകള്‍, 2 ബസ് എന്നിവ ഉള്‍പ്പെടെ 5 പോലീസ് വാഹനങ്ങളും, 2 കെഎസ്ആര്‍ടിസി  ബസ്സുകളും, കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ ഒരു കാറും, നിരവധി ബൈക്കുകളും നശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി സ്റ്റേഷനിലെ സാധനങ്ങളും കേസ് രേഖകളും  നശിപ്പിച്ചു. ആക്രമണത്തില്‍ കോവളം പോലീസ് സ്റ്റേഷന്‍ പ്രൊബേഷണറി ഇന്‍സ്പെക്ടര്‍ ലിജോ പി. മണിയുടെ വലത് കാലിന് പൊട്ടലുണ്ടായി. കെ എ പി  സി പി ഓ പ്രവീണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നത് തടഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ പുറത്തിറങ്ങാന്‍  അനുവദിക്കാതെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കി. സംഭവമറിഞ്ഞ് എത്തിയ സിറ്റി ഡിസിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തടിച്ചുകൂടിയ അക്രമിസംഘം അവിടെ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പോലീസ് അസാമാന്യമായ ആത്മ നിയന്ത്രണവും ക്ഷമയും കാണിച്ചത് മൂലമാണ് അവിടെ വലിയ തോതില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.  

സംഭവത്തില്‍ 54 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആകെ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം പ്രൊബേഷണറി എസ് ഐ യെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി.

സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ മുന്‍കൂട്ടി തകര്‍ക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് സിസിടിവി ക്യാമറ ആസൂത്രിതമായി നശിപ്പിച്ചത്.

കോടതി വിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടത്തുക, പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാന്‍ എത്തിയ പോലീസുദ്യോഗസ്ഥരെ മാരകമായ രീതിയില്‍ ആക്രമിക്കുക, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുക, മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടുക ഇതാണ് സമരത്തിന്റെ പേരില്‍ അവിടെ ഉണ്ടായത്.

പോലീസ് സ്റ്റേഷന്‍ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ല. ജൂലായില്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 8 ന് കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് സമരം മാറിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയുണ്ടായി. ആഗസ്റ്റ് 20 ന് പോലീസിന്റെ ബാരിക്കേഡുകളും ഫൈബര്‍ ലാത്തികളും ഹെല്‍മെറ്റുകളും നശിപ്പിക്കുന്ന അനുഭവമുണ്ടായി. ആഗസ്റ്റ് 22 ന് തുറമുഖ നിര്‍മ്മാണ സ്ഥലത്തേക്കുള്ള പൂട്ട് ബലമായി പൊട്ടിച്ച് പോര്‍ട്ടിനകത്തെ ടവറില്‍ അതിക്രമിച്ചു കയറി. തൊട്ടടുത്ത ദിവസം വീണ്ടും പോര്‍ട്ടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കസേരകളും ഹാലജന്‍ ലൈറ്റുകളും നിശിപ്പിക്കുകയുണ്ടായി.  ആഗസ്റ്റ് 31 ന് അവിടെയുണ്ടായിരുന്ന ലോറിയുടെ ഗ്ലാസ് തകര്‍ത്തു. സെപ്റ്റംബര്‍ 1 ന് പോലീസിന്റെ ഡ്രോണ്‍ തകര്‍ത്തു. ഒരു പോലീസുകാരന് പരിക്കേല്‍പ്പിച്ചു. ബാരിക്കേഡുകള്‍ അടക്കമുള്ള പൊതുമുതല്‍ നശീകരണം ഒരു പതിവാക്കി മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 9 ന് വനിതാ പോലീസുകാരെ ആക്രമിക്കുകയും പ്രധാന റോഡില്‍ ഷെഡ് കെട്ടി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. ഒക്ടോബര്‍ 10 ന് പോലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആക്രമിച്ചു. ഇതിനെല്ലാം പുറമെയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ബോട്ടുകത്തിക്കല്‍ അടക്കമുള്ള പദ്ധതിയും അരങ്ങേറിയത്.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേത് തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു എന്നതാണ് ഇതിനര്‍ത്ഥം. ഒരു നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്. ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സംവിധാനത്തിലും അനുവദിക്കപ്പെട്ടുകൂടാ. ഇപ്പോള്‍ ഏകപക്ഷീയമായ ആക്രമണങ്ങളാണുണ്ടായത്. പോലീസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നത്.

News,Kerala,State,Thiruvananthapuram,Top-Headlines,Trending,CM,Chief Minister,Pinarayi-Vijayan,Poltics,CPM,UDF, Chief Minister's reply to Vincent's emergency resolution


തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അണിചേര്‍ന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം. മാധ്യമങ്ങളും പദ്ധതിയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നവരല്ല. സമരവുമായി ബന്ധപ്പെട്ട് അക്രമണങ്ങള്‍ ഉണ്ടാകില്ലായെന്ന് സമരസമിതി മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ ഉറപ്പുനല്‍കിയിട്ടുണ്ട്.  

നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ രമ്യമായും നിയമത്തിന്റെ ചട്ടക്കൂടിനകത്തും പരിഹരിക്കണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആ പ്രക്രിയയില്‍ പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ അസ്വസ്ഥതെയുടെയും വിദ്വേഷത്തിന്റെയും തീപ്പൊരികള്‍ വീഴാനിടയുള്ള പ്രകോപനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തുറമുഖ വിരുദ്ധ സമരക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

പദ്ധതിയുടെ പ്രാധാന്യം

കേരളത്തിന്റെ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016 ല്‍ അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നടത്തിയ ഉദ്യമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭൗതിക - സാമൂഹിക പശ്ചാത്തലസൗകര്യ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ ഉണ്ടായ പുരോഗതി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്. ഗെയില്‍ പൈപ്പ്ലൈന്‍, ദേശീയപാതാ വികസനം, കൊച്ചി - ഇടമണ്‍ പവര്‍ഹൈവേ, പുഗലൂര്‍ - മാടക്കത്തറ വൈദ്യുതിലൈന്‍, എന്നിവ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ സര്‍ക്കാര്‍ ആശൂപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.

നമ്മുടെ നാടിന്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു നീണ്ട മുരടിപ്പിനു ശേഷം 1990കള്‍ മുതല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. എന്നാല്‍, ഈ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനം എത്ര ഭദ്രമാണെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്കകളുണ്ട്. പുറംവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന ഉപഭോഗമാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന കണ്ടെത്തലുകളുണ്ട്.

നമ്മുടെ സമ്പദ്ഘടനയ്ക്ക് സുദൃഢമായ ഒരു അടിസ്ഥാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മൂലധനനിക്ഷേപത്തിലും പശ്ചാത്തലസൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്. ദീര്‍ഘകാല പരിപ്രേഷ്യത്തോടെയുള്ള ഈ വികസന സമീപനത്തെ എല്ലാത്തരം മുടന്തന്‍ന്യായങ്ങളും പറഞ്ഞ് എതിര്‍ക്കുന്ന സമീപനം ഈ നാടിന്റെ പൊതുനന്മയ്ക്ക് എതിരാണ്. ഈ തെറ്റായ സമീപനത്തിന്റെ ഭാഗമാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും നിങ്ങള്‍ സ്വീകരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പൊതുമേഖലയില്‍ ആയിരിക്കണമെന്ന കാര്യത്തില്‍ 2006 - 11 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. അതില്‍ നിന്നും വ്യതിചലിച്ച് ഇതിനെ സ്വകാര്യമേഖലയിലാക്കിയത് 2015 ല്‍ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാരാണ്. 2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

മൂലധനനിക്ഷേപവും പശ്ചാത്തല സൗകര്യവികസനവും കേരളത്തില്‍ എങ്ങനെ എത്താതിരിക്കാമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ ചില സംസ്ഥാന നേതാക്കള്‍ ആചോലിക്കുന്നത്. ഇവര്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസും യുഡിഎഫും ഇതുവരെ സ്വീകരിച്ച സമീപനത്തില്‍ നിന്നും ഇനിയെങ്കിലും പിന്തിരിയണം. നാടിന്റെ വികസന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് എം വിന്‍സെന്റിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. 

Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Trending,CM,Chief Minister,Pinarayi-Vijayan,Poltics,CPM,UDF, Chief Minister's reply to Vincent's emergency resolution

Post a Comment