സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണക്കാരാടൊപ്പം ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെയും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് മേപ്പാടി സര്‍കാര്‍ പോളിടെക്‌നിക്ക് കോളജ്. ഈ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി തീരേണ്ട വിദ്യാര്‍ഥികളാണ് കോളജില്‍ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പെടുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മേപ്പാടി കോളജില്‍ ലഹരിക്കെതിരായ 'നോ ടു ഡ്രഗ്‌സ്' ക്യാംപെയ്ന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് 02-12-2022 ന് നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്.
എസ് എഫ് ഐയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടുകെട്ടായ യുഡിഎസ്എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക് (TRABIOC) എന്ന കൂട്ടായ്മ യുഡിഎസ്എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി.
അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പെട്ട സംഘം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങളില്‍ ഉള്‍പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നതില്‍ വയനാട് നാര്‍കോടിക് സെല്‍ ഡിവൈഎസ്പി അന്വേഷണം നടത്തിവരുന്നു.
എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രടറിയായ അപര്‍ണ ഗൗരി മുന്‍പ് കോളജിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയാണ്. തെരഞ്ഞെടുപ്പ് ദിവസത്തില്‍ കരുതിക്കൂട്ടിയുള്ള ചില പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത അപര്‍ണയെ 30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥിസംഘം അസഭ്യം പറയുകയും ഹീനമായി മര്‍ദിക്കുകയും ചെയ്തു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിക്കെതിരെ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്താകെ പ്രചരിച്ചിട്ടുണ്ട്. അപര്‍ണ ഗൗരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമായത്. ഈ സംഭവത്തില്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 717/2022 ആയി ഐപിസി 143,147,149, 294 (ബി), 506 (1), 323, 354, 308 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പ്രതികളില്‍ ആറു പേരെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്കിടെ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തതിനും ഡ്യൂടിയിലുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ചതിനും എസ് എഫ് ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിലും കോളജിലെ ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞുതകര്‍ത്തതിനും മറ്റു അനുബന്ധ പ്രശ്‌നങ്ങളിലും മേപ്പാടി പൊലീസ്റ്റേഷനില്‍ 10 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോളജില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഈ മാസം 12 മുതല്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാം ഇതിനകം ഒരുമിച്ച് ഏറ്റെടുത്ത 'നോ ടു ഡ്രഗ്‌സ്' ക്യാംപെയ്ന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലഹരിക്കെതിരായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പങ്കാളിത്തം ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister About Drug Abuse in Education Institutions, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Assembly, Drugs, Education department, Kerala.