ചെന്നൈ: (www.kvartha.com) വിവാഹം കഴിച്ച് ഒരു മാസം തികയും മുന്‍പ് നവവധു ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് പരാതി. 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി യുവതി കടന്നുകളഞ്ഞെന്ന് പരാതിയില്‍ പറയുന്നു. താംബരം സ്വദേശി നടരാജ(25)ന്റെ പരാതിയില്‍ തമിഴ്‌നാട് മധുര സ്വദേശി അഭിനയ (28)യെ പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജനെ ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേകറിയില്‍ ജോലി ചെയ്യുന്ന അഭിനയ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയത്. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.
ഓഗസ്റ്റ് 29ന് ഇരുവരുടെയും വിവാഹം നടന്നെങ്കിലും ഫോണും സ്വിചോഫ് ആക്കി ഒക്ടോബര്‍ 19ന് അഭിനയ മുങ്ങി. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നടരാജന് മനസിലായത്.
തുടര്‍ന്ന് താംബരം പൊലീസില്‍ പരാതി നല്‍കി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലില്‍ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പക്കല്‍ നിന്നും നാല് പവന്‍ ആഭരണം പിടിച്ചെടുത്തു.
ഇതിന് മുന്‍പ് നാലോളം പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ട്. അഭിനയയ്ക്ക് മധുരയില്‍ ഭര്‍ത്താവും എട്ട് വയസുള്ള മകനുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവര്‍ 10 ദിവസത്തിനുള്ളില്‍ വേര്‍പിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,chennai,Local-News,Police,Bride,Fraud, Arrested,Love,Fake, Chennai: Woman who escaped with gold from husband's house held