Bomb cyclone | ക്രിസ്മസ് ദിനത്തില്‍ ബോംബ് സൈക്ലോണില്‍ വിറച്ച് അമേരികയും കാനഡയും; ശീതക്കൊടുങ്കാറ്റില്‍ മരണം 17; ആയിരക്കണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കി, പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Dec 25, 2022, 11:55 IST
ന്യൂയോര്‍ക്: (www.kvartha.com) ക്രിസ്മസ് ദിനത്തില്‍ ബോംബ് സൈക്ലോണില്‍ വിറച്ച് അമേരികയും കാനഡയും. അമേരികയില്‍ ശീതക്കൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്നത് പത്തുലക്ഷത്തോളം പേര്‍. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ക്യുബെക് മുതല്‍ ടെക്സസ് വരെയുള്ള 3,200 കിലോമീറ്റര്‍ വിസ്തൃതിയില്‍ 17 ഓളം പേരാണ് ശീതക്കൊടുങ്കാറ്റില്‍ മരിച്ചത്. ആയിരക്കണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെന്റകിയിലും ന്യൂയോര്‍കിലും സൗത് കരലൈനയിലുമാണ് കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവപ്പെടുന്നത്. ഇവിടെ മൈനസ് 45 ഡിഗ്രിയാണ് താപനില. ഫ് ളോറിഡ, ജോര്‍ജിയ, ടെക്സസ്, മിനിസോട, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമാണ്. പലയിടത്തും കൊടുംമഞ്ഞില്‍ കാഴ്ചാപരിമിതി രൂക്ഷമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.
കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളിലും സമാനസാഹചര്യമാണുള്ളത്. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊടുങ്കാറ്റിനെ ബോംബ് സൈക്ലോണ്‍ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞര്‍ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നു ശരത് കാലത്ത് ഉദ്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോണ്‍ എന്നുവിളിക്കുന്നത്.
1979 മുതല്‍ 2019 വരെയുള്ള 40 വര്‍ഷ കാലയളവില്‍ യുഎസില്‍ സംഭവിച്ച കൊടുങ്കാറ്റുകളില്‍ ഏകദേശം ഏഴു ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോണ്‍ ഉദ്ഭവിക്കുന്നത്. മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതിവേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും.
ഇവയുടെ കേന്ദ്രഭാഗത്തെ വായുസമ്മര്‍ദം ത്വരിതഗതിയില്‍ കുറയുകയും ചെയ്യും. 'ബോംബോജനസിസ്' എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ഇവയുടെ തീവ്രതയുടെ മൂലകാരണം. കേന്ദ്രഭാഗത്തെ വായുസമ്മര്‍ദം വീഴുന്നതിനനുസരിച്ച് ചുറ്റുമുള്ള കാറ്റ് വിസ്ഫോടനാത്മകമായ വേഗം കൈവരിക്കും. കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോണ്‍ ഗ്യാകുമാണ് 1980ല്‍ ഇവയുടെ സവിശേഷതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതും ഇവയ്ക്കു ബോംബ് സൈക്ലോണുകള്‍ എന്ന പേരിട്ടതും.
Keywords: Bomb cyclone unleashes Christmas mayhem, 17 dead, millions without power, travel disrupted across US, New York, News, Dead, Christmas, Warning, Flight, Train, Cancelled, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.