Protest | പുതുവര്‍ഷത്തലേന്ന് കത്തിക്കാനൊരുക്കുന്ന കൊച്ചിന്‍ കാര്‍ണിവലിലെ പാപാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായയെന്ന് ആരോപണം; പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍
Dec 29, 2022, 18:13 IST
കൊച്ചി: (www.kvartha.com) കൊച്ചിന്‍ കാര്‍ണിവലിലെ പാപാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായയെന്ന് ആരോപണം. പുതുവര്‍ഷത്തലേന്ന് കത്തിക്കാനായി ഫോര്‍ട് കൊച്ചിയിലെ പരേഡ് മൈതാനത്തില്‍ ഒരുങ്ങുന്ന 60 അടി നീളമുള്ള പാപാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം പാപാഞ്ഞിക്ക് മുഖം സ്ഥാപിച്ചെങ്കിലും രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള ഛായ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിര്‍മാണം നിര്‍ത്തിവച്ചു. തൊട്ടു പിന്നാലെ സംഘാടകരും പൊലീസും സ്ഥലത്തെത്തി.
സാമ്യം യാദൃശ്ചികമാണെന്ന് സംഘാടകര്‍ വാദിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകര്‍ സമ്മതിച്ചു. മുഖം മാറ്റാമെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്.
കൊച്ചിയില്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ പഴയവര്‍ഷത്തോടൊപ്പം പാപാഞ്ഞിയും കത്തിത്തീര്‍ന്നിട്ടുണ്ടാകും. ഇത് കത്തിക്കുന്നത് കാണാനും കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കും നിരവധി പേരാണ് എല്ലാ വര്‍ഷവും കൊച്ചിയിലെത്തുന്നത്.
പോര്‍ചുഗീസ് ഭാഷയില്‍ 'പാപാഞ്ഞി' എന്നാല്‍ 'മുത്തച്ഛന്‍' എന്നാണ് അര്‍ഥം. കഴിഞ്ഞ വര്‍ഷത്തെ തിന്മകളെ പ്രതീകാത്മകമായി കത്തിച്ച് നന്മയുടെ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതാണ് പാപാഞ്ഞി സങ്കല്‍പം.1985ലാണ് പാപാഞ്ഞി കത്തിക്കലിന് തുടക്കം കുറിച്ചത്. കോവിഡിനോട് അനുബന്ധിച്ച് 2020ല്‍ മാത്രമാണ് പാപാഞ്ഞി കത്തിക്കലിന് മുടക്കമുണ്ടായത്.
Keywords: News,Kerala,State,Kochi,Narendra Modi,PM,Prime Minister,New Year,Celebration, BJP protest over Cochin Carnival Pappanji
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.