കോഴിക്കോട്: (www.kvartha.com) ഉത്തരക്കടലാസുകളില്‍ നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പെടുത്തുന്നതിന്റെ ഭാഗമായി കോളജുകളിലെ അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിശീലനം തുടങ്ങി. ഇക്കഴിഞ്ഞ ബിഎഡ് പരീക്ഷയ്ക്ക്, പരീക്ഷിച്ച് നോക്കി വിജയിച്ച ഈ മാതൃക മറ്റു പരീക്ഷകള്‍ക്ക് കൂടി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തുന്നത്.
50 കോളജുകളിലെ പ്രതിനിധികളാണ് ചൊവ്വാഴ്ച പരിശീലനത്തില്‍ പങ്കെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. ഫാള്‍സ് നമ്പറിടുന്നതിന്റെ സമയ ലാഭം വഴി ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് നേട്ടം.
അതിനിടെ, എന്‍ എസ് എസ് സപ്തദിന കാംപിന് മുന്നോടിയായി തിരഞ്ഞെടുത്ത വൊളന്റിയര്‍മാര്‍ക്ക് കാലികറ്റ് സര്‍വകലാശാല നേതൃപരിശീലന കാംപൊരുക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ 180 കോളജുകളില്‍ നിന്നുള്ള 360 പ്രതിനിധികള്‍ക്കാണ് 'ഒരുക്കം' എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിശീലനം കൊടുക്കുന്നത്. കോഴിക്കോട് ഗവ. ലോ കോളജ്, അട്ടപ്പാടി ഗവ. കോളജ്, എം ഇ എസ് കോളജ് പൊന്നാനി എന്നിവിടങ്ങളിലായി ഒന്‍പത് മുതല്‍ 11 വരെയാണ് പരിപാടി.
കോളജുകളില്‍ എന്‍ എസ് എസ് സപ്തദിന കാംപുകള്‍ക്ക് എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തണം, എങ്ങനെ ഫലപ്രദമായി നടത്താം, തുടങ്ങിയ കാര്യങ്ങളിലാണ് വിദഗ്ധരുടെ ക്ലാസുകള്‍ ലഭിക്കുക. പരിസ്ഥിതി സംവാദത്തിനുള്ള ക്ലൈമറ്റ് കഫേ, നാട്ടറിവുകള്‍, നാട്ടുരുചി എന്നിവയ്ക്ക് പുറമെ പൊലീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെ ക്ലാസുകളും ഉണ്ടാകും.
വൈകിട്ട് നാലരയ്ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഓണ്‍ലൈനായി കാംപ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എല്‍ സോണി നേതൃത്വം നല്‍കും.
Keywords: News,Kerala,State,Top-Headlines,Education,Examination,Teachers,Latest-News,Kozhikode, Barcode facility in answer sheets