കണ്ണൂര്‍: (www.kvartha.com) അകാഡമിക്ക് സ്ഥാപനങ്ങളിലെ വൈജ്ഞാനിക സമ്പത്തിനെ നാടിന്റെയാകെ പുരോഗതി എന്ന ലക്ഷ്യത്തോടെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് ഡിസംബര്‍ 29-ന് കണ്ണൂരില്‍ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ വ്യക്തികളുടെ വലിയ നിരതന്നെ ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍, സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രമുഖ ശാസ്ത്രകാരന്‍മാര്‍, ജനകീയ ലൈബ്രറി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലുള്ളവരെല്ലാം ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കാളികളാകും.
ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം ഡിസംബര്‍ 29ന് രാവിലെ ഒന്‍പതുപണിക്ക് ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ത്രോ സിമാന്‍കാസ് മാറിന്‍ നിര്‍വഹിച്ചു. രാജ്യത്തെ പ്രഗത്ഭരായ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
പുറമെ കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായ നിരവധി എഴുത്തുകാരുടെ പോര്‍ട്രേറ്റുകളും നവോത്ഥാനത്തിന്റെ പശ്ചാത്തിലത്തിലൊരുക്കിയ ശില്പങ്ങളും എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യയിലെ പ്രധാന പ്രസാധകര്‍ പങ്കാളികളാകുന്ന പുസ്തകോത്സസവവും കലക്ട്രേറ്റ് മൈതാനിയില്‍ ഇതോടൊപ്പം ആരംഭിക്കും.
പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 9.30ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. ആദിവാസി മേഖലയിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി വിതരണം ചെയ്യും.
രാവിലെ 10.30ന് കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ സംസ്ഥാനതല പ്രശ്നോത്തരി മത്സരം നടക്കും. നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ സംഘാടനത്തിലാണ് മത്സര പരിപാടി. കളക്ട്രേറ്റ് മൈതാനിയില്‍ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് ലൈബ്രേറിയന്‍മാരുടെ സംഗമം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രടറി അഡ്വ. പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.
സാഹിത്യ അകാഡമിയുടെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയ എം ബാലന്‍ മാസ്റ്ററെ ചടങ്ങില്‍ അനുമോദിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാസ്‌കാരിക സദസ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി സന്തോഷ് കുമാര്‍ എംപി ഉപഹാരങ്ങള്‍ നല്‍കും. എംഎല്‍എമാരായ കെ വി സുമേഷ്, എം വിജിന്‍ എന്നിവര്‍ വിശിഷ്ടാതിത്ഥികളായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും മാപ്പിളപ്പാട്ട് മേളയും അരങ്ങേറും.
ഡിസംബര്‍ 30ന് രാവിലെ 10മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഗമം കലക്ട്രേറ്റ് മൈതാനിയില്‍ നടക്കും. കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക ഉദ്ഘാടനം ചെയ്യും. ഡോ. വിജു കൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ് സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും.
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കരിവെള്ളൂര്‍ മുരളിയെ ആദരിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന നാടകോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട 'വേട്ട' അവതരിപ്പിക്കും.
ഡിസംബര്‍ 31ന് രാവിലെ 10 മണിക്ക് വിദ്യാര്‍ഥി പ്രതിഭകളുടെ ഒത്തുചേരല്‍ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ നേതൃത്വത്തില്‍ നടക്കും. വൈകുന്നേരം നാലു മണിക്ക് ജില്ലയിലെ സാഹിത്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കലാസാഹിത്യകാരന്മാരുടെ കൂട്ടായ്മ നടക്കും. കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവായ സു വെങ്കിടേശന്‍ എംപി ഉദ്ഘാടനം ചെയ്യും.
കേരള ചലച്ചിത്ര അകാഡമി സെക്രടറി സി അജോയ് അധ്യക്ഷത വഹിക്കും. ജോണ്‍ ബ്രിടാസ് എംപി മുഖ്യാതിഥിയാകും. സി എസ് വെങ്കിടേശ്വരന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. രാത്രി സംഗീത പരിപാടി. പ്രശസ്ത ഗായിക സുമഗല ദാമോദരന്റെ നേതൃത്വത്തില്‍ പുള്ളിപ്പറവ - ലക്ഷദ്വീപില്‍ നിന്നുള്ള പാട്ടുകളുടെ അവതരണം നടക്കും.
2023 ജനുവരി ഒന്നിന് കണ്ണൂര്‍ കലക്ട്രറേറ്റ് മൈതാനിയില്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഡോ. ആര്‍ ബിന്ദു പുതിയതായി രൂപീകരിച്ച ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനവും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം മുഖ്യപ്രഭാഷണവും നടത്തും.
മുന്‍ മന്ത്രി എം വി ഗോവിന്ദന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യാതിഥികളാവും. എംപിമാരായ എല്‍ ഹനുമന്തയ്യ, അബ്ദുള്‍ വഹാബ്, മുന്‍ മന്ത്രി ഇ പി ജയരാജന്‍, പ്രബീര്‍ പുര്‍കക്കായസ്ഥ, ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ തീം സോങ് രചിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭാരത് ഭവന്‍ ഒരുക്കുന്ന നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറും.
ജനുവരി രണ്ടിന് നടക്കുന്ന പരിപാടികളില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, കല്‍വകുന്തല കവിത എന്നിവര്‍ വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. കെ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ജനുവരി മൂന്നിന് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
അഡീഷനല്‍ ചീഫ് സെക്രടറി ഉമാമഹാദേവന്‍ ഐഎഎസ്, കില ഡയറക്ടര്‍ ജെനറല്‍ ഡോ. ജോയ് ഇളമണ്‍, ഡോ. വി ശിവദാസന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികളാണ് ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
Keywords: 7-day long Indian Library Congress has started in Kannur, Kannur, Inauguration, Students, Researchers, K Sudhakaran, Kerala.