Andres Balanta | പരിശീലനത്തിനിടെ 22 കാരനായ കൊളംബിയന്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

 



ബൊഗോട്ട: (www.kvartha.com) പരിശീലനത്തിനിടെ കുഴഞ്ഞുവീണ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ബലന്റ (22) അന്തരിച്ചു. ഡോക്ടര്‍മാര്‍ അടിയന്തരമായി ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിക്കുകയായിരുന്നു. സെന്‍ട്രോ ഡി സലൂദ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

അര്‍ജന്റീനയുടെ ഒന്നാം ഡിവിഷന്‍ ക്ലബായ അത്ലറ്റികോ ടുകുമാന്റെ അംഗമായിരുന്നു. ക്ലബ്ബിന്റെ രണ്ടാമത്തെ പ്രീ-സീസണ്‍ പരിശീലനമായിരുന്നു. മരണശേഷം ക്ലബ്ബ് ബന്ധുക്കളെ വിവരമറിയിച്ചു.

2019-ല്‍ ബലന്റയ്ക്ക് സമാനരീതിയില്‍ സംഭവിച്ചിരുന്നതായി ഒരു പ്രാദേശിക പത്രമായ ക്ലാരിന്‍ റിപോര്‍ട് ചെയ്തു. പരിശീലനത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗ്ലൂകോസിന്റെ കുറവ് കാരണം അദ്ദേഹത്തിന് സിന്‍കോപ് ഉള്ളതായി റിപോര്‍ടുകളുണ്ട്.

Andres Balanta | പരിശീലനത്തിനിടെ 22 കാരനായ കൊളംബിയന്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു


എന്താണ് സിന്‍കോപ്?

ക്ലീവ്ലാന്‍ഡ് ക്ലിനിക് പറയുന്നതനുസരിച്ച്, താല്‍കാലിക ബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ് സിന്‍കോപ്. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുക, ഹൃദയമിടിപ്പ് കുറയുക, ശരീരത്തിന്റെ ഭാഗങ്ങളില്‍ രക്തത്തിന്റെ അളവില്‍ മാറ്റങ്ങള്‍ സംഭവിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഭവിക്കാം. 

സാധാരണഗതിയില്‍, സിന്‍കോപ് ആശങ്കയ്ക്കുള്ള ഒരു അവസ്ഥയല്ല. പെട്ടെന്ന് സുഖം പ്രാപിക്കും. എന്നാല്‍ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയാഘാതം മുതലായ ഹൃദയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. സിന്‍കോപ് ഗുരുതരമായ അവസ്ഥയുടെ ലക്ഷണമാകാമെന്നും അതുകൊണ്ട് തന്നെ ഒരുതവണ വന്നാല്‍ തുടര്‍ചികിത്സ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, വിവിധ കാരണങ്ങളാല്‍ നിങ്ങളുടെ തലച്ചോറിന് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിന്റേയോ നാഡീവ്യൂഹം പ്രശ്‌നങ്ങളോ ഈ രോഗാവസ്ഥയിലേക്ക് നയിക്കാം. ശരീരത്തിലൂടെയുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും നിങ്ങളുടെ ശരീരത്തില്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്യുമ്പോള്‍ ഈ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം.

റിപോര്‍ട് പ്രകാരം ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മൂന്ന് ശതമാനം പുരുഷന്മാരെയും 3.5 ശതമാനം സ്ത്രീകളെയും സിന്‍കോപ് ബാധിക്കുന്നു, പ്രായമാകുമ്പോള്‍ അത് വര്‍ധിക്കുന്നു.

അബോധാവസ്ഥയിലാകുന്നതിനുമുമ്പ്, വിളറല്‍, തലകറക്കം, ഓക്കാനം, ചൂട്, കാഴ്ച്ച മങ്ങല്‍, തലവേദന, ബ്ലാക് ഔട് എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടാം.

Keywords:  News,World,international,Colombia,Sports,Player,Death,Football,Football Player,Top-Headlines,hospital,Health,Health & Fitness, 22-year old Columbian club footballer, playing in Argentina, dies during training
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia