Report Submitted | ഫുട്ബോള്‍ കളിക്കുന്നതിനിടെ കൈയ്യെല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്

 


കണ്ണൂര്‍: (www.kvartha.com) ഖത്വര്‍ ലോക കപിന്റെ ആവേശം ഉള്‍ക്കൊണ്ടു കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ വീടിനടുത്തുള്ള മൈതാനത്തില്‍ നിന്നും വീണു പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഇടതുകൈമുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ തലശേരി ജെനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപോര്‍ട്. കണ്ണൂര്‍ ഡെപ്യൂടി ഡി എം ഒ ഡയറക്ടര്‍ ഓഫ് ഹെല്‍ത് സര്‍വീസിനാണ് അന്വേഷണറിപോര്‍ട് സമര്‍പ്പിച്ചത്.

Report Submitted | ഫുട്ബോള്‍ കളിക്കുന്നതിനിടെ കൈയ്യെല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്

കഴിഞ്ഞ മാസം 30ന് തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനേഴുകാരന്‍ സുല്‍ത്വാന്റെ കൈയ്യാണ് മുറിച്ചു മാറ്റേണ്ടിവന്നത്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കുട്ടിയെ ചികിത്സിച്ച അസ്ഥിരോഗവിദഗ്ധന്‍ ഡോക്ടര്‍ വിജുമോനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ഡെപ്യൂടി ഡി എംഒ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടര്‍ക്ക് പിഴവില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇതാണ് സ്ഥിതി സങ്കീര്‍ണമാക്കിയതെന്നുമാണ് റിപോര്‍ടില്‍ പറയുന്നത്. സമാനസാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്നതു സാധാരണയാണെന്നും റിപോര്‍ടിലുണ്ട്. ഡി എച് എസില്‍ നിന്നുള്ള പ്രത്യേക സംഘം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

തലശേരി ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുല്‍ത്വാന്റെ കൈയ്യുടെ രണ്ട് എല്ലുപൊട്ടിയതായി എക്സറേയില്‍ വ്യക്തമായിരുന്നു. അസ്ഥിരോഗവിദഗ്ധന്‍ ഡോക്ടര്‍ വിജുമോന്റെ നിര്‍ദേശ പ്രകാരം കൈ സ്‌ക്വയിലിട്ടു കെട്ടി . എന്നാല്‍ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

നവംബര്‍ ഒന്നിന് സുല്‍ത്വാന്റെ കൈയ്യുടെ നിറം മാറി തുടങ്ങി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി ഒരു പൊട്ടല്‍ പരിഹരിച്ചതായി ഡോക്ടര്‍ അറിയിച്ചു. നവംബര്‍ പതിനൊന്നിന് കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

അവിടെ നിന്നും ഒടിഞ്ഞ കൈമുറിച്ചു മാറ്റണമെന്നും അണുബാധയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നുമാണ് ഒരു കൈമുറിച്ചു മാറ്റിയത്. സര്‍കാര്‍ ആശുപത്രി അധികൃതരുടെ പിഴവാണ് കുട്ടിക്ക് ഒരു കൈ നഷ്ടപ്പെടാനിടയാക്കിയതെന്നു ചൂണ്ടിക്കാണിച്ചു കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഈ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഡോക്ടറെയും തലശേരി ജെനറല്‍ ആശുപത്രി അധികൃതരെയും പൂര്‍ണമായി വെള്ളപൂശിക്കൊണ്ടുള്ള ആരോഗ്യവകുപ്പ് മേധാവിയുടെ റിപോര്‍ട് പുറത്തുവന്നിരിക്കുന്നത്.

Keywords: Report of health department says there was no medical error in case of amputating hand of student who broke his hand while playing football, Kannur, News, Report, Student, Hospital, Treatment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia