Spadikam | എല്ലാ സാങ്കേതിക വിദ്യകളോടെയും സ്ഫടികം വീണ്ടും റിലീസിന്; 'ആടു തോമ' ഫെബ്രുവരിയില്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക്

 



കൊച്ചി: (www.kvartha.com) മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം'. ഇപ്പോഴിതാ ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഫെബ്രുവരി ഒന്‍പതിന് 4കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150ല്‍ പരം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഭദ്രനും അറിയിച്ചു.

'എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ 'ആടു തോമ' നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം ഒമ്പതിന് 'സ്ഫടികം' 4k അറ്റ്‌മോസില്‍ എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. 'അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?' -മോഹന്‍ലാല്‍ സമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്‌ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവില്‍ മുന്നിലെത്തുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവര്‍ക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്ന് സംവിധാകന്‍ ഉറപ്പ് തരുന്നു.

Spadikam | എല്ലാ സാങ്കേതിക വിദ്യകളോടെയും സ്ഫടികം വീണ്ടും റിലീസിന്; 'ആടു തോമ' ഫെബ്രുവരിയില്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക്


മാത്രമല്ല സിനിമയിലെ ചില രംഗങ്ങള്‍ റീ ഷൂട് ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചില സര്‍പ്രൈസ് എലമെന്റുകളും സിനിമയുടെ റീ റിലീസിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

1995 മാര്‍ച് 30നാണ് 'സ്ഫടികം' തിയേറ്ററുകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഈ 27 വര്‍ഷത്തിനിടയില്‍, സിനിമയില്‍ പ്രധാനകഥാപാത്രങ്ങാളായെത്തിയ ചാക്കോ മാഷ്(തിലകന്‍), പൊന്നമ്മ (കെപിഎസി ലളിത), രാവുണ്ണി മാസ്റ്റര്‍ (നെടുമുടി വേണു), ലൈല(സില്‍ക്ക് സ്മിത), പാച്ചു പിള്ള( എന്‍ എഫ് വര്‍ഗീസ്), ഫാ.ഒറ്റപ്ലാക്കന്‍ (കരമന ജനാര്‍ദനന്‍ നായര്‍), കുറുപ്പ്(ബഹദൂര്‍), ജഡ്ജി(ശങ്കരാടി), മണിമല വക്കച്ചന്‍(രാജന്‍ പി ദേവ്), ജോസഫ് (പറവൂര്‍ ഭരതന്‍), എന്‍ എല്‍ ബാലകൃഷ്ണന്‍, ക്യാമറ ചലിപ്പിച്ച ജെ വില്യംസ്, ഗാനങ്ങളെഴുതിയ പി ഭാസ്‌കരന്‍ മാഷ് തുടങ്ങിയവര്‍ കാലയവനിയ്ക്കുള്ളില്‍ മറഞ്ഞു.

സ്ഫടികം ജോര്‍ജ്ജ്, ഉര്‍വശി, അശോകന്‍, ചിപ്പി, മണിയന്‍പിള്ള രാജു, നിസാര്‍, വി കെ ശ്രീരാമന്‍, ഇന്ദ്രന്‍സ്, ബിന്ദു വരാപ്പുഴ, കുണ്ടറ ജോണി, ഭീമന്‍ രഘു, രൂപേഷ് പീതാംബരന്‍, ആര്യ അനൂപ്, പിഎന്‍ സണ്ണി, കനകലത, ചാലി പാല, അജിത് കൊല്ലം തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. 200 ലേറെ ദിവസങ്ങളാണ് അന്ന് തീയേറ്ററുകളില്‍ ചിത്രം ഓടിയത്. 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളില്‍ വീണ്ടും ചിത്രം അവതരിക്കുമ്പോള്‍ സിനിമയുടെ മാറ്റ് പതിന്മടങ്ങാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Keywords:  News,Kerala,State,Kochi,Cinema,Entertainment,Top-Headlines,Trending,Latest-News,Mohanlal,Theater, Mohanlal and Bhadran classic movie Spadikam Remastered digital 4k version re-releasing date is out

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia