Kudumbashree | കുടുംബശ്രീ ലക്ഷക്കണക്കിന് സ്ത്രീകളെ അരങ്ങിലെത്തിച്ച പ്രസ്ഥാനമെന്ന് മന്ത്രി എം ബി രാജേഷ്

 


തളിപറമ്പ്: (www.kvartha.com) കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് . തളിപ്പറമ്പ് മണ്ഡലം ഹാപിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബശ്രീ സ്റ്റാര്‍ട് അപ് വര്‍ക് ഷോപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ നവീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 25 വയസ്സ് പിന്നിടുമ്പോള്‍ കുടുംബശ്രീയുടെ പ്രായം കുറഞ്ഞു വരികയാണ്. 19,000 ലധികം ഓക്സിലറി ഗ്രൂപുകളിലൂടെ മൂന്ന് ലക്ഷത്തോളം യുവാക്കള്‍ കുടുംബശ്രീയുടെ ഭാഗമായി. വിപ്ലവകരമായ ആശയമാണ് ഓക്സിലറി ഗ്രൂപുകളിലൂടെ നടപ്പാക്കുന്നത്.

ദാരിദ്ര്യ ലഘൂകരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് ലോക ശ്രദ്ധയാകര്‍ഷിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവാണ് സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക സ്വാശ്രയത്വമാണ് സ്വന്തം ഇടമുണ്ടാക്കാനുള്ള വഴി.

Kudumbashree | കുടുംബശ്രീ ലക്ഷക്കണക്കിന് സ്ത്രീകളെ അരങ്ങിലെത്തിച്ച പ്രസ്ഥാനമെന്ന് മന്ത്രി എം ബി രാജേഷ്


കേരളത്തിലെ സ്ത്രീകളുടെ സാമൂഹികാംഗീകാരം വര്‍ധിപ്പിക്കാനും വനിതാ നേതൃത്വം സൃഷ്ടിക്കാനും കുടുംബശ്രീക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു.
സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും പരിചയപ്പെടുന്നതിനാണ് കുടുംബശ്രീയുമായി ചേര്‍ന്ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ടപ് വര്‍ക് ഷോപ് സംഘടിപ്പിച്ചത്.

സര്‍കാര്‍ സംവിധാനങ്ങളെയും ഏജന്‍സികളെയും പരിചയപ്പെടുത്തി അഭ്യസ്തവിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യം. 18 നും 40 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങള്‍ ശില്‍പശാലയുടെ ഭാഗമായി.

തളിപ്പറമ്പ് മൊട്ടമ്മല്‍ മാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എം വി ഗോവിന്ദന്‍മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. കുടുംബശ്രീ എക്സി.ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി. ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം സുര്‍ജിത്, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ കാലത്തെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ നോളജ് എകണോമി മിഷന്‍ ജെനറല്‍ മാനേജര്‍ പി എം റിയാസ് ക്ലാസെടുത്തു. ലൈഫോളജി സി ഇ ഒ പ്രവീണ്‍ പരമേശ്വര്‍ ആമുഖഭാഷണം നടത്തി. സംരംഭകരായ നിഷ കൃഷ്ണന്‍, സംഗീത അഭയ്, ഹര്‍ഷ പുതുശ്ശേരി, ആഇശ സമീഹ തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായി. നവംബര്‍ 27 ന് ശില്‍പശാല സമാപിക്കും.

Keywords: Minister MB Rajesh says Kudumbashree is a movement that has brought lakhs of women to the stage, Kannur, News, Minister, Women, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia