സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

 


മുജീബുല്ല കെ വി


(www.kvartha.com) ഗ്രൂപ്പ് 'ജി'യിലെ രണ്ടാം റൌണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സര്‍ലാന്റിനെ തോല്പിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. മത്സരത്തിന്റെ 82-ആം മിനിറ്റില്‍ കാസെമിറോയാണ് നിര്‍ണായക ഗോള്‍ നേടിയത്. നേരത്തെ സെര്‍ബിയയെ തോല്പിച്ചിരുന്ന ബ്രസീല്‍ രണ്ടാം വിജയത്തോടെ ആറു പോയിന്റുമായി അവസാന പതിനാറിലേക്ക്. 

ലോകക്കപ്പ് റെക്കോഡുകളില്‍ ഏറെ മുന്നിലാണെങ്കിലും, മുഖാമുഖമുള്ള മത്സരങ്ങളില്‍ അത്ര മെച്ചപ്പെട്ട റെക്കോഡൊന്നുമല്ല സ്വിറ്റ്സര്‍ലാന്റിനെതിരെ ബ്രസീലിന്റേത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമാണ് ബ്രസീലിനുള്ളത്. 

ശ്രദ്ധയോടെയായിരുന്നു തുടക്കം. തുടക്കത്തില്‍ കളി മിക്കവാറും മൈതാനത്തിന്റെ മധ്യഭാഗത്തൊതുങ്ങി. പന്ത്രണ്ടാം മിനിറ്റിലാണ് സ്വിസ്സ് ബോക്‌സിലേക്ക് ബ്രസീലിന്റെ ആദ്യത്തെ ശക്തമായ നീക്കമുണ്ടായത്. വലതു വിങ്ങിലൂടെ മുന്നേറി റിച്ചാര്‍ലിസണ്‍ ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസ്സ് പക്ഷെ, സ്വിസ് പ്രതിരോധ താരം അടിച്ചകറ്റി. ആദ്യ ഇരുപത്തഞ്ച് മിനിറ്റുകളില്‍ ഇരു പോസ്റ്റുകളിലേക്കും ശക്തമായ ആക്രമണങ്ങളുണ്ടായില്ല. 
 
27-ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ ബ്രസീലിന് തുറന്ന അവസരം ലഭിച്ചു. റഫിന്യായില്‍നിന്ന് ലഭിച്ച പാസ്, ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് നിയന്ത്രിച്ച് അടിക്കാനായില്ല. വിനീഷ്യസിന്റെ ദുര്‍ബ്ബലമായ അടി യാന്‍ സോമര്‍ തട്ടിയകറ്റി. മുപ്പതാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നുള്ള റഫീന്യായുടെ ലോങ്ങ് റേഞ്ച് ഷോട്ട് സ്വിസ് ഗോളിയുടെ കയ്യിലൊതുങ്ങി.   

37-ാം മിനിറ്റില്‍ റഫീന്യായുടെ കോര്‍ണറില്‍നിന്ന് തുടങ്ങിയ നീക്കം സ്വിസ് ബോക്‌സിനുള്ളില്‍ വട്ടം കറങ്ങിയെങ്കിലും, ഗോള്‍കീപ്പര്‍ രക്ഷകനായി. തൊട്ടുടനെ സ്വിറ്റ്‌സര്‍ലാന്റിന്റെ കൌണ്ടര്‍ അറ്റാക്ക് ബ്രസീല്‍ പോസ്റ്റില്‍ അപകടം മണത്തെങ്കിലും, ഗോള്‍കീപ്പര്‍ ചാടിവീണ് കയ്യിലൊതുക്കി. 

നെയ്മറുടെ അഭാവം ബ്രസീല്‍ മുന്നേറ്റങ്ങളില്‍ മുഴച്ചു നിന്നു. റഫിന്യായും വിനീഷ്യസ് ജൂനിയറും റിച്ചാര്‍ലിസനുമടങ്ങിയ ബ്രസീല്‍ മുന്നേറ്റ നിരയെ സ്വിറ്റ്സര്‍ലാന്റ് പ്രതിരോധനിര ഫലപ്രദമായി ചെറുത്തു നിന്നു. വിരസമായ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഗോള്‍ രഹിത സമനിലയിലായിരുന്നു ടീമുകള്‍. 
 
സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍


രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ മൈതാന മധ്യത്തുനിന്നും ലഭിച്ച നീണ്ട പാസുമായി കുതിച്ച വിനീഷ്യസ് ജൂനിയര്‍ വിങ് ഡിഫന്‍ഡറെയും ഗോള്‍കീപ്പര്‍ യാന്‍ സോമറേയും വെട്ടിച്ച് സ്വിസ്സ് വലകുലുക്കി. എന്നാല്‍ ബ്രസീല്‍ ആഘോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഢഅഞ പരിശോധനയില്‍ വിനീഷ്യസ് ഓഫ്സൈഡ്.

പിന്നീടങ്ങോട്ട് തുടരെത്തുടരെ ബ്രസീല്‍ മുന്നേറ്റങ്ങളായിരുന്നു. സ്വിസ് ഹാഫില്‍ തന്നെയായിരുന്നു മിക്കവാറും കളി. വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള ബ്രസീല്‍ നീക്കങ്ങള്‍ പക്ഷെ, ശക്തമായ സ്വിസ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നുകൊണ്ടേയിരുന്നു. 

82-ആം മിനിറ്റില്‍ ബ്രസീല്‍ കാത്തിരുന്ന നിമിഷം വന്നു.റോഡ്രിഗോ നല്‍കിയ പാസുമായി കുതിച്ചു കയറിയ മിഡ്ഫീല്‍ഡര്‍ കാസെമിറോയുടെ തകര്‍പ്പന്‍ വലങ്കാലനടി സ്വിസ്സ് പോസ്റ്റില്‍ തുളച്ചു കയറിയപ്പോള്‍ നോക്കി നില്‍ക്കുക മാത്രമേ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.. മനോഹരമായ ഗോള്‍. 

88-ആം മിനിറ്റില്‍ ബ്രസീലിന് കിട്ടിയ ഫ്രീ കിക്ക് പാഴായി. രണ്ടാമതൊരു ഗോള്‍ കൂടി നേടാനുള്ള ബ്രസീലിയന്‍ ശ്രമങ്ങള്‍ വിജയം കണ്ടില്ല.
 
ബ്രസീല്‍ ഗോള്‍മുഖത്തേക്കുള്ള രണ്ടോ മൂന്നോ നീക്കങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, അചഞ്ചലമായി നിലക്കൊണ്ട ബ്രസീല്‍ പ്രതിരോധം ഇന്ന് പരീക്ഷിക്കപ്പെട്ടില്ല. സെര്‍ബിയയുടെ മുന്നേറ്റ നിരയുയര്‍ത്തിയ ഭീഷണി പോലും സ്വിസ് ഫോര്‍വേഡുകളില്‍നിന്നുണ്ടായില്ല. ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന് മിക്കവാറും വിശ്രമമായിരുന്നു.

               
സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍


മറുഭാഗത്ത് മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോളെന്നുറച്ച നീക്കങ്ങള്‍ ബ്രസീലിന്റെ ഭാഗത്തുനിന്നും കുറവായിരുന്നു. കാസെമിറോയുടെ ആ തകര്‍പ്പന്‍ ഗോള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ശരാശരി ബ്രസീലിയന്‍ പ്രകടനം. സ്വിസ്സ് പ്രതിരോധം ബ്രസീല്‍ മുന്നേറ്റ നിരയെ ഫലപ്രദമായി ചെറുത്തു. 
നെയ്മറുടെ അഭാവം ബ്രസീലിയന്‍ പ്രകടനത്തെ ബാധിച്ചു.  

Keywords: FIFA-World-Cup-2022,ലോകം,World Cup,Article,World,Sports, Brazil beat Switzerland, reach World Cup last 16

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia