V Muraleedharan | ജനങ്ങളുടെ ചെലവില്‍ ഉല്ലാസയാത്ര നടത്തി മുഖ്യമന്ത്രി അവരെ തെറ്റിദ്ധരിപ്പിക്കുന്നു; കുടുംബം ഒപ്പമുണ്ടാകുമെന്ന വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല; പിണറായി വിജയനെ ആധുനിക നീറോയെന്നും വിശേഷിപ്പിച്ച് മന്ത്രി വി മുരളീധരന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്‌ക്കെതിരെ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി ജനങ്ങളുടെ ചെലവില്‍ ഉല്ലാസയാത്ര നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.

V Muraleedharan | ജനങ്ങളുടെ ചെലവില്‍ ഉല്ലാസയാത്ര നടത്തി മുഖ്യമന്ത്രി അവരെ തെറ്റിദ്ധരിപ്പിക്കുന്നു; കുടുംബം ഒപ്പമുണ്ടാകുമെന്ന വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല; പിണറായി വിജയനെ ആധുനിക നീറോയെന്നും വിശേഷിപ്പിച്ച് മന്ത്രി വി മുരളീധരന്‍


വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം മൂന്നരലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുന്ന ആധുനിക നീറോയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍കാരല്ല യാത്രയുടെ ചെലവു വഹിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വിദേശകാര്യ വകുപ്പിനെ അറിയിച്ചത് സര്‍കാര്‍ ചെലവില്‍ എന്നാണ്. ഇനി അങ്ങനെ അല്ലെങ്കില്‍, എന്തു ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവ്യക്തികളോ കുത്തക മുതലാളിമാരോ ഈ ചെലവു വഹിക്കുന്നത്? അധ്വാനിച്ചു ജീവിക്കുന്ന പ്രവാസികളുടെ ചെലവില്‍ ഉല്ലാസ യാത്ര നടത്തുന്നതാണോ തൊഴിലാളി പാര്‍ടിയുടെ മുഖ്യമന്ത്രി ചെയ്യേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

ജനം ഭയത്തില്‍ കഴിയുമ്പോള്‍ പിണറായി വിജയന്‍ വിദേശ ടൂറിലാണ്. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. ഔദ്യോഗിക യാത്രയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഔദ്യോഗിക യാത്രയാണെങ്കില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതി ഏതൊക്കെ കാര്യങ്ങളില്‍ അദ്ദേഹം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയട്ടെ.

ഞാന്‍ അതു കഴിഞ്ഞു പറയാം. വിദേശത്തുപോകാനുള്ള അനുമതി വാങ്ങിയിട്ടുണ്ട്. ആ യാത്രാ ഉദ്ദേശ്യം അനുസരിച്ച് എന്തുകാര്യം നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്രത്തെ അറിയിച്ചതുമായി ബന്ധപ്പെട്ട ഒരു കാര്യവും അവിടെ നടന്നതായി അറിയില്ല. ഔദ്യോഗിക യാത്ര എന്നുള്ളതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറയട്ടെ. കുടുംബം സ്വന്തം നിലയില്‍ പോകുന്നതിനെ ആര്‍ക്കും തടസപ്പെടുത്താന്‍ കഴിയില്ല. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര എന്തിനു വേണ്ടിയുള്ളതാണെന്നാണ് എന്റെ ചോദ്യം.

വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. കേരളവും യുകെയും ധാരണാപത്രം ഒപ്പിട്ടു എന്നാണ് പറയുന്നത്. ഭരണഘടനയനുസരിച്ച് വിദേശകാര്യം കേന്ദ്രസര്‍കാര്‍ പരിധിയില്‍ വരുന്നതാണ്. സംസ്ഥാന സര്‍കാരുകള്‍ക്ക് കേന്ദ്രാനുമതിയില്ലാതെ ഒരു കരാറും ഒപ്പിടാനാവില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Keywords: V Muraleedharan Criticized Pinarayi Vijayan, New Delhi, News, Politics, Press meet, Criticism, Minister, V.Muraleedaran, Chief Minister, Pinarayi-Vijayan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia