Autobiography | സ്വപ്ന സുരേഷ് എഴുതിയ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി; തന്റെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും ഉള്‍പെടുത്തി

 


തൃശ്ശൂര്‍: (www.kvartha.com) നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകം പുറത്തിറങ്ങി. തൃശ്ശൂര്‍ ആസ്ഥാനമായ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിന്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്. 250 രൂപ വിലയുള്ള പുസ്തകം ആമസോണിലും ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

Autobiography | സ്വപ്ന സുരേഷ് എഴുതിയ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി; തന്റെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും ഉള്‍പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താന്‍ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നു.

തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ല്‍ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താന്‍ കടത്തി നല്‍കിയെന്നും അതില്‍ കറന്‍സിയായിരുന്നുവെന്നും സ്വപ്ന പുസ്തകത്തില്‍ പറയുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. എന്നാല്‍ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വം മറന്നതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ഉള്ളറകളിലേക്കും പുസ്തകത്തില്‍ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. എന്നെ പാര്‍വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയാറായിരുന്നു.

ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാള്‍ ഒരു കൗമാരക്കാരനെ പോലെ പ്രണായാതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തില്‍ സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയില്‍ നിന്നും ബെംഗ്ലൂറിലേക്ക് പോയ താന്‍ എന്‍ഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വതിയായിരുന്നുവെന്നും സ്വപ്ന ഓര്‍ത്തെടുക്കുന്നു.

പുസ്തകത്തിന്റെ ഒരു അധ്യായത്തിന് ശിവശങ്കറിന്റെ പാര്‍വതി എന്നാണ് സ്വപ്ന നല്‍കിയ പേര്. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥാമാവ് വെറും ഒരു ആന എന്നായിരുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്.

Keywords: Swapna To Come Out With Autobiography, Thrissur, News, Controversy, Book, Released, Trending, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia