Kerala | ഐക്യ കേരളം പിറന്നതിങ്ങനെ; ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

 


തിരുവനന്തപുരം: (www.kvartha.com) നവംബർ ഒന്നിന് കേരളത്തിന് 66 വയസ് തികയുകയാണ്. 1956 നവംബർ ഒന്നിന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്റെ ഓർമയ്ക്കായി എല്ലാവർഷവും അന്നേദിവസം കേരളപ്പിറവി ആഘോഷിക്കുന്നു. 1947-ല്‍ ഇൻഡ്യ ബ്രിടീഷുകാരില്‍ നിന്നും സ്വതന്ത്രമായെങ്കിലും കേരളം വിഘടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർകാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിവ കൂട്ടിച്ചേർത്ത് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു.
                             
Kerala | ഐക്യ കേരളം പിറന്നതിങ്ങനെ; ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെഎം പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമീഷൻ രൂപീകരിച്ചു. ഈ കമീഷൻ 1955ൽ കേന്ദ്ര സർകാരിന് നൽകി. അതിൽ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപോർട് പ്രസിദ്ധപ്പെടുത്തി 13 മാസം കഴിഞ്ഞാണ് ഇൻഡ്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്.

തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂകുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂകും ചേർത്തു. കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കുകയും ചെയ്തു. കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു.

നവംബര്‍ ഒന്നിന് ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി. സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-ന് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർകാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. കാസർകോടാണ് ഏറ്റവും ഒടുവിൽ രൂപവത്കരിച്ച ജില്ല.

Keywords: History of Kerala, Thiruvananthapuram, Kerala, News, History, Freedom, Kerala-Piravi-day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia