'Pippidi vidya' | മാധ്യമങ്ങളോട് പുറത്ത് കടക്കാനും സിന്‍ഡികറ്റ് എന്നു പറഞ്ഞതും താനല്ല; ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും ഗവര്‍ണര്‍

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് താന്‍ അകന്നു നില്‍ക്കുന്നില്ലെന്നും അവരോടു ബഹുമാനമാണെന്നും പറഞ്ഞ ഗവര്‍ണര്‍
മാധ്യമങ്ങളോടു പുറത്തു കടക്കാനും സിന്‍ഡികറ്റ് എന്നു പറഞ്ഞതും ആരെന്നു തനിക്കറിയാമെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ട് പറഞ്ഞു.

ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണ്. മാധ്യമങ്ങളോട് എല്ലാകാലത്തും നല്ല ബന്ധമാണ് താന്‍ പുലര്‍ത്തിയിരുന്നത്. മോശമായി പെരുമാറിയതല്ല. രാവിലത്തെ സമീപനം ശരിയായില്ലെന്ന് കരുതരുത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലുള്ള കേഡറുകളോടാണ് തനിക്ക് പ്രശ്‌നം. കടക്ക് പുറത്ത് എന്നും മാധ്യമ സിന്‍ഡികറ്റ് എന്നും സര്‍കാര്‍ പറഞ്ഞത് പോലെ താന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ 'പിപ്പിടി' പ്രയോഗവും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. രാജിവയ്ക്കണമെന്നുള്ള തന്റെ നിര്‍ദേശം സര്‍വകലാശാല വിസിമാര്‍ തള്ളിയതിനു പിന്നാലെ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ പ്രസ്താവന.

വൈസ് ചാന്‍സിലര്‍മാരുടെ രാജി നിഷേധത്തിന് കാരണം സര്‍കാരാണെന്ന് ആരോപിച്ച ഗവര്‍ണര്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തിങ്കളാഴ്ചത്തെ പത്രം വായിച്ചാല്‍ മനസ്സിലാകുമെന്നും കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്ത് ഓണാഘോഷം നടത്തുന്നില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ ആഘോഷം നടന്നോ ഇല്ലയോ എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് താന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പോയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിസിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈകോടതിയും കണ്ണൂര്‍ വിസിയെ വിമര്‍ശിച്ചു. തന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നല്‍കുന്നില്ല. കേരള വൈസ് ചാന്‍സലര്‍ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നല്‍കിയത്. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാല്‍ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹം തയാറായില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സര്‍വകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നും പറഞ്ഞത് താന്‍ അല്ല.

ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ എന്ന നിലയ്ക്ക് തനിക്കുണ്ട്. ഒന്‍പത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും താന്‍ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താന്‍ ഒരു അഭിഭാഷകനാണെന്നും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിര്‍ന്ന പലരില്‍ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത് എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

'Pippidi vidya' | മാധ്യമങ്ങളോട് പുറത്ത് കടക്കാനും സിന്‍ഡികറ്റ് എന്നു പറഞ്ഞതും താനല്ല; ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും ഗവര്‍ണര്‍

സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളൂ. രണ്ടു, മൂന്നു വൈസ് ചാന്‍സലര്‍മാരോട് എനിക്ക് സഹതാപമുണ്ട്. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാല്‍ കാരണം കാണിക്കല്‍ നോടിസ് അയച്ചു. ഒരു വിസി നിയമനത്തില്‍ താന്‍ ഉത്തരവാദിയാണ്. എന്നാല്‍ ബാക്കി നിയമനങ്ങള്‍ നടത്തിയത് മുന്‍പാണ്.

ഗവര്‍ണറെ സമ്മര്‍ദത്തിലാക്കിയാണ് പല നിയമനങ്ങളും നടന്നത്. കണ്ണൂര്‍ സര്‍വകലാശാല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയുടെ ഭാര്യയെ അഭിമുഖത്തിനു പോലും വിളിക്കാന്‍ യോഗ്യതയില്ല. എന്നാല്‍ യൂനിവേഴ്‌സിറ്റി നിയമനം നല്‍കി. ഇത്തരം കാര്യങ്ങള്‍ നടക്കുന്നതിനാലാണ് താന്‍ ഇടപെടുന്നത്.

എജി തന്നെ തെറ്റദ്ധരിപ്പിച്ചു. നിയമനം സാധുതയുള്ളതാണെന്ന് വിശ്വസിപ്പിച്ചു. നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ചപ്പോള്‍ അല്ല എന്നു പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ആണ് ഇങ്ങനെ ചെയ്തതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Keywords: Governor Arif Mohammad khan commenting 'Pippidi vidya' statement, Thiruvananthapuram, News, Politics, Governor, Criticism, Chief Minister, Pinarayi-Vijayan, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia