Crime branch | സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കും

 


തിരുവനന്തപുരം: (www.kvartha.com) സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഉടന്‍തന്നെ യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

താന്‍ നിരപരാധിയാണെന്ന് കാട്ടി എല്‍ദോസ് കുന്നപ്പിള്ളി വ്യാഴാഴ്ച സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആണ്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കോടതിയില്‍ നല്‍കിയ മൊഴിയില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു.

നേരത്തെ യുവതിയെ മര്‍ദിച്ചുവെന്ന് മാത്രമായിരുന്നു കുന്നപ്പിള്ളിക്കെതിരേയുള്ള പരാതി. അതനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമായിരുന്നു കോവളം പൊലീസ് എടുത്തിരുന്നതും. എന്നാല്‍ കോവളം സിഐ കൂടി കേസില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വഞ്ചിയൂര്‍ സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകള്‍ ചുമത്തിയത്.

കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരും. അതിനാല്‍ തുടര്‍നടപടികള്‍ക്കായി നിയമസഭാ സ്പീകറെ അന്വേഷണം സംഘം സമീപിക്കും. സ്പീകറുടെ അനുമതിയോടെ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകു. 

Crime branch | സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കും

ഇതിനുമുമ്പ് ജില്ലാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപോര്‍ടും സമര്‍പ്പിക്കും. അതേസമയം കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇതുവരെ ലഭ്യമല്ല. എംഎല്‍എ നേരത്തെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.

നിയമസഭാ വളപ്പില്‍നിന്നോ എംഎല്‍എ ഹോസ്റ്റലില്‍നിന്നോ എല്‍ദോസിനെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ മാത്രം സ്പീകറെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങിയാല്‍ മതിയെന്നും നിയമോപദേശമുണ്ട്. അല്ലെങ്കില്‍ അറസ്റ്റു ചെയ്തശേഷം സ്പീകറെ അറിയിക്കും. നിയമസഭാ സെക്രടേറിയറ്റ് ഈ വിവരം ബുള്ളറ്റിനായി പുറത്തിറക്കി മറ്റു സാമാജികരെ അറിയിക്കും. റിമാന്‍ഡ് ചെയ്താല്‍ അക്കാര്യം മജിസ്‌ട്രേറ്റും സ്പീകറെ അറിയിക്കും.

എല്‍ദോസ് ഉപദ്രവിച്ചെന്ന് കാട്ടി സെപ്റ്റംബര്‍ 28നാണ് യുവതി സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കമിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരി ആരോപിക്കുകയും ചെയ്തിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. താന്‍ നിരപരാധിയാണെന്നും തന്റെ ഫോണ്‍ സുഹൃത്തായിരുന്ന യുവതി മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മുന്‍കൂര്‍ ജാമ്യേപേക്ഷയില്‍ പറയുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും അപേക്ഷയില്‍ പറയുന്നു.

Keywords:  Crime branch added molest charges against Eldhose Kunnappilly, Thiruvananthapuram, News, Politics, Molestation, Police, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia