SWISS-TOWER 24/07/2023

Special vaccination | മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക കുത്തിവയ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മൃഗങ്ങളുടെ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക കുത്തിവയ്പ് (Special vaccination) ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.
Aster mims 04/11/2022

Special vaccination |  മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക കുത്തിവയ്പ്

ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യല്‍ വാക്സിനേഷന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും അഭ്യര്‍ഥിച്ചു.

ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വിദഗ്ധ സമിതി പേവിഷ പ്രതിരോധ വാക്സിനേഷന് വേണ്ടിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നല്‍കിയിട്ടുണ്ട്. മുമ്പ് വാക്സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്സിന്‍ നല്‍കുന്നത്.

മുമ്പ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്സിനാണ് നല്‍കുന്നത്. പൂജ്യം, 7, 21 ദിവസങ്ങളിലാണ് ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇവര്‍ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗീകമായി വാക്സിനെടുത്തവരും വാക്സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്നു ഡോസ് വാക്സിന്‍ എടുക്കണം.

നേരത്തെ വാക്സിന്‍ എടുത്തവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവര്‍ ഇടപെടാന്‍ പാടുള്ളൂ. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് ജോലിയില്‍ ഏര്‍പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് പൂജ്യം, 3 ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതാണ്. ഇവര്‍ റീ എക്സ്പോഷര്‍ വിഭാഗത്തിലാണ് വരിക.

നിലവില്‍ വാക്സിന്‍ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സിന്‍ എടുക്കാന്‍ സാധിക്കുക. ഒരു വയല്‍ കൊണ്ട് 10 പേര്‍ക്ക് വരെ വാക്സിന്‍ എടുക്കാന്‍ സാധിക്കും. ഒരാള്‍ക്ക് 0.1 എംഎല്‍ വാക്സിനാണ് നല്‍കുന്നത്. വാക്സിന്‍ വേസ്റ്റേജ് ഒഴിവാക്കാന്‍ 10 പേരടങ്ങിയ ബാച് വീതമായിരിക്കും വാക്സിന്‍ നല്‍കുക.

എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കായി സ്പെഷ്യല്‍ വാക്സിനേഷനായി പരിശീലനം നല്‍കി വരുന്നു. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 'ഉറ്റവരെ കാക്കാം പേവിഷത്തിന് എതിരെ ജാഗ്രത' എന്ന കാംപെയിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്കായി അവബോധം നല്‍കി വരുന്നു. നായകളുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെപ്പറ്റിയും വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയുമാണ് അവബോധം നല്‍കുന്നത്.

Keywords: Special vaccination for animal handlers, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia