തൃശൂര്‍: (www.kvartha.com) കാട്ടാനക്കൂട്ടം നാശനഷ്ടങ്ങളുണ്ടാക്കിയ വാഴാനി ഡാമിനോട് ചേര്‍ന്ന ജനവാസ മേഖല സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ സന്ദര്‍ശിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കാട്ടാനശല്യം ഉണ്ടായതിനെത്തുടര്‍ന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ അധ്യക്ഷതയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വന സംരക്ഷണ സമിതി അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചിരുന്നു.
വാഴാനി - പീച്ചി വനമേഖലകളെ വേര്‍തിരിക്കുന്ന കുതിരാന്‍ മേഖലയില്‍ സോളാര്‍ ഫെന്‍സ് സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ഏപ്രില്‍ മാസത്തിലെ യോഗത്തിന്റെ തീരുമാന പ്രകാരം തയ്യാറാക്കി അംഗീകാരം നേടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ബോധവത്കരണ പരിപാടികള്‍ നടത്തും. വനം വകുപ്പും വന സംരക്ഷണ സമിതികളും ഇതിന് നേതൃത്വം നല്‍കണം.
കാട്ടാന ശല്യം പ്രകടമാകുന്ന പ്രദേശങ്ങളില്‍ ഗ്രാമസഭകള്‍ അടിയന്തിരമായി വിളച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റാപിഡ് റെസ്‌പോന്‍സ് ടീം അംഗങ്ങള്‍, എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തണം. ഇതിനായി ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞവരെ ഉള്‍പെടുത്തി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വാട്‌സ് ആപ് ഗ്രൂപുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും എം എല്‍ എ നിര്‍ദേശിച്ചു.
ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി ആര്‍ ആര്‍ ടി രൂപീകരിച്ചിട്ടുണ്ട്. ഈ ടീമിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദേശം നല്‍കി. ഡി എഫ് ഓയുടെ നേതൃത്വത്തിലുള്ള സംഘം മറ്റന്നാള്‍ വാഴാനി സന്ദര്‍ശിക്കും. ആനകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെടുന്ന പക്ഷം ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 04884 232003, 8547601630.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ആര്‍ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജേക്കബ്ബ്, എ കെ സുരേന്ദ്രന്‍, വി ജി സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.