ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് വര്‍ഷത്തെ ചര്‍ചകള്‍ക്ക് ശേഷം കേന്ദ്ര സര്‍കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ വൈദ്യുതി (ഭേദഗതി) ബില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാര്‍ടികളുടെ കടുത്ത എതിര്‍പിനെത്തുടര്‍ന്ന് സര്‍കാര്‍ വോടെടുപ്പിന് പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമിറ്റിക്ക് വിട്ടു. വൈദ്യുതി വിതരണ മേഖലയിലെ ലൈസന്‍സിംഗ് സംവിധാനം ഒഴിവാക്കി ഒന്നിലധികം കംപനികള്‍ക്ക് അനുവാദം നല്‍കുന്നതാണ് ഭേദഗതി.
ഇതനുസരിച്ച് ഏത് കംപനിക്കും വൈദ്യുതി വാങ്ങാം, വില്‍ക്കാം. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ കംപനികളെ പോലെ ഇഷ്ടമുള്ള കണക്ഷനെടുക്കാം. ഇതോടെ വൈദ്യുതി ബോഡിന്റെ കുത്തക അവസാനിക്കും. ഇത് മനസിലാക്കിയാണ് പല സംസ്ഥാനങ്ങളിലും, ഈ ബിലിനെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ സമരം സംഘടിപ്പിച്ചത്.
അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വൈദ്യുതി ഉല്‍പാദന ശേഷി ഇരട്ടിയാക്കാന്‍ ആവശ്യമായ ഭീമമായ നിക്ഷേപം സമാഹരിക്കുന്നതിന് ഈ ബില്‍ വളരെ പ്രധാനമാണെന്ന് വൈദ്യുതി മന്ത്രി ആര്‍കെ സിംഗ് പറയുന്നു. ഈ ബില്‍ സാധാരണ ഉപഭോക്താവിന് ടെലിഫോണ്‍, മൊബൈല്‍ കനക്ഷന്‍ കൊടുക്കുന്ന കംപനികള്‍ പോലെ വൈദ്യുതി വിതരണ കംപനി (ഡിസ്‌കോം) തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കും.
ബിലിലെ പല വ്യവസ്ഥകളോടും പ്രതിപക്ഷ പാര്‍ടികള്‍ എതിര്‍പ് പ്രകടിപ്പിച്ചു. വൈദ്യുതി സംസ്ഥാനങ്ങളുടെ അവകാശമാണ്, എന്നാല്‍ ഈ ബില്‍ സംസ്ഥാനങ്ങളുടെ പല അവകാശങ്ങളും എടുത്തുകളയുകയും കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കുകയും ചെയ്യുമെന്ന് കോന്‍ഗ്രസും തൃണമൂലും മറ്റ് ചില പാര്‍ടികളും ആരോപിച്ചു. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന നിലവിലെ രീതി സര്‍കാര്‍ നിര്‍ത്തലാക്കുമെന്ന് പ്രതിപക്ഷ പാര്‍ടികളും പറയുന്നു.
നിര്‍ദിഷ്ട ബിലില്‍ കര്‍ഷകരുടെ താല്‍പര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നവുമില്ലെന്ന് ആരോപണങ്ങള്‍ തള്ളി വൈദ്യുതി മന്ത്രി സിംഗ് പറഞ്ഞു. പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഈ ബില് വായിച്ചിട്ടില്ലെന്നും അവരത് മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്ട ബിലില്‍ ചര്‍ച നടന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും വൈദ്യുതി മന്ത്രി തള്ളി. പക്ഷെ, പിന്നീട് വൈദ്യുതി മന്ത്രി സിംഗ് ബില്‍ പാര്‍ലമെന്ററി കമിറ്റിക്ക് കൈമാറാന്‍ തയ്യാറായി.