ന്യൂഡെല്‍ഹി: (www.kvartha.com) ആസാദി കാ അമൃത് മഹോത്സവത്തിന്റെ സന്ദേശവും ദേശീയ പതാകയുമായുള്ള വൈകാരിക ബന്ധവും ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളോടും മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.
ഇതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നിന്ന് വിജയ് ചൗകിലേക്ക് എംപിമാരുടെ 'ഹര്‍ ഘര്‍ തിരംഗ' ബൈക് റാലിയും സംഘടിപ്പിച്ചു. ബൈക് റാലി ഉപരാഷ്ട്രപതി ഫ് ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ പൗരന്മാരും ദേശീയ പതാകയും തമ്മില്‍ വൈകാരികമായ അടുപ്പം വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമാക്കിയുള്ള കേന്ദ്ര ഗവണ്‍മെന്റ് സംരംഭമായ 'ഹര്‍ ഘര്‍ തിരംഗ'യെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് സാംസ്‌കാരിക മന്ത്രാലയം റാലി സംഘടിപ്പിച്ചത്. വിവിധ കേന്ദ്രമന്ത്രിമാരും ബൈക് റാലിയില്‍ പങ്കെടുത്തു.
ദേശീയ പതാക ഉയര്‍ത്തുന്നത്, നമ്മുടെ ദേശീയ മൂല്യങ്ങളായ മൈത്രി, ഐക്യം, സാര്‍വത്രിക സാഹോദര്യം എന്നിവയെ പ്രതിഫലിപ്പിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതിന് സാംസ്‌കാരിക മന്ത്രാലയത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, കിഷന്‍ റെഡ്ഡി, സ്മൃതി ഇറാനി, അനുരാഗ് ഠാകൂര്‍, അര്‍ജുന്‍ റാം മേഘ് വാള്‍, മീനാക്ഷി ലേഖി, വി മുരളീധരന്‍ എന്നിവരും നിരവധി എംപിമാരും ചടങ്ങില്‍ പങ്കെടുത്തു.
Keywords: Watch: Vice President Venkaiah Naidu flags off ‘Har Ghar Tiranga’ bike rally in Delhi, New Delhi, News, Rally, Video, Ministers, National.