കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ വനാമി ചെമ്മീന്‍ കൃഷി പരീക്ഷണം വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ചെമ്മീന്‍ കൃഷി വന്‍ വിജയകരമെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ചെമ്മീന്‍ കൃഷി വിജയകരമായി പരീക്ഷിച്ചത് കബ്ദ് മരുഭൂമിയിലെ കിസ്ര്‍ എക്‌സിപെരിമെന്റല്‍ ഫാമിലാണ്.
കുവൈത് ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ സയന്റിഫിക് റിസര്‍ചിലെ സമുദ്രജീവി ഗവേഷക വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് കബ്ദില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനാമി ചെമ്മീന്‍ വളര്‍ത്തിയത്. കുവൈതിന്റെ സമഗ്ര വികസനപദ്ധതിയായ വിഷന്‍ 2035 ന്റെ ഭാഗമായാണ് സയന്റിഫിക് റിസര്‍ച് സെന്റര്‍ കബ്ദില്‍ ചെമ്മീന്‍ ഫാം പദ്ധതി ആരംഭിച്ചത്.
തായ്ലന്‍ഡില്‍ നിന്നെത്തിച്ച വനാമി ചെമ്മീന്‍ ലാര്‍വകളെ ലവണാംശം കുറഞ്ഞ വെള്ളത്തിലാണ് വളര്‍ത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനത്തിലുള്ള നിലവാരത്തിലെത്തിയതായും കിസ്ര്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മനേയ് അല്‍-സിദെരാവി പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ ചതുരശ്ര മീറ്ററിന് രണ്ട് കിലോ വരെ ഉല്‍പാദനക്ഷമത കൈവരിക്കാന്‍ സാധിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനുള്ള മാര്‍ഗമായി മീന്‍ കൃഷിയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള മന്ത്രിസഭ നിര്‍ദേശത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി. വേഗത്തില്‍ വളരുന്നതും രോഗങ്ങളോടുള്ള ഉയര്‍ന്ന പ്രതിരോധവും കാരണം ആഗോള ചെമ്മീന്‍ വിപണിയില്‍ ഉയര്‍ന്ന മാര്‍കറ്റുള്ള ഇനമാണ് വനാമി ചെമ്മീന്‍.