ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാരത്തിനെത്തിയ ആളും പാമ്പുകടിയേറ്റ് മരിച്ചു. ഭവാനിപൂര്‍സ്വദേശിയായ അരവിന്ദ് മിശ്ര(38) എന്നയാളാണ് ബുധനാഴ്ച പാമ്പ് കടിയേറ്റ് മരിച്ചത്. വിവരമറിഞ്ഞ് ലുധിയാനയിലായിരുന്ന സഹോദരന്‍ ഗോവിന്ദ് മിശ്ര ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയുടെ ഒപ്പം ഇദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയതായിരുന്നു.
എന്നാല്‍ പിന്നീട് നടന്നത് തികച്ചും വിചിത്രമായിരുന്നു. വ്യാഴാഴ്ച സംസ്‌കാരത്തിന് ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഗോവിന്ദ് മിശ്രയെയും പാണ്ഡെയെയും ഉറക്കത്തിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. പാണ്ഡെയുടെ നില ഗുരുതരമായി തുടരുകയാണ്.
ഏതിനത്തില്‍പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നത് വ്യക്തമായിട്ടില്ല. അരവിന്ദിനെ കടിച്ച പാമ്പിനെ കുറിച്ചും സൂചനകളില്ല. ഏതായാലും ദുരൂഹമായ രീതിയില്‍ മൂന്ന് പേര്‍ പാമ്പിന്റെ ആക്രമണത്തിന് ഇരയാവുകയും അതില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഗ്രാമം ഒന്നടങ്കം ആശങ്കയിലാണ്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഒപ്പം തന്നെ ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രദേശത്തെ എംഎല്‍എ കൈലാഷ് നാഥ് ശുക്ലയും അറിയിച്ചിട്ടുണ്ട്.