കോഴിക്കോട്: (www.kvartha.com) വെളളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍കിലെ എന്‍ട്രി ഹോമില്‍ നിന്നാണ് 17 വയസുള്ള കുട്ടികളെ രാവിലെ മുതല്‍ കാണാതായത്. മുക്കം, കൊടുവള്ളി സ്വദേശികളാണ് പെണ്‍കുട്ടികള്‍.
ഒരു മാസം മുന്‍പ് എന്‍ട്രി ഹോമിലെത്തിച്ച പെണ്‍കുട്ടികളെയാണ് രാവിലെ ഏഴ് മണിക്ക് ശേഷം കാണാതായതെന്ന് പരാതിയില്‍ പറയുന്നു. വസ്ത്രം അലക്കാനായി ഹോമിന്റെ പുറകുവശത്തുകൂടി ഇരുവരും പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് ജെന്‍ഡര്‍ പാര്‍കിന്റെ പുറത്തേക്ക് പോയെന്നാണ് സൂചന.
ജെന്‍ഡര്‍ പാര്‍കിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടികള്‍ പുറത്ത് കടന്നത്. ചേവായൂര്‍ പൊലീസ് റെയില്‍വേ പൊലീസുമായി സഹകരിച്ച് കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ഈ വര്‍ഷം ജനുവരി 26ന് ജെന്‍ഡര്‍ പാര്‍കിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറു പെണ്‍കുട്ടികളെ പിന്നീട് കര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയിരുന്നു.