Follow KVARTHA on Google news Follow Us!
ad

Killed | തെക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ യു എസ് കൊടും കുറ്റവാളി പട്ടികയില്‍പെടുത്തിയ ഖൊറസാനി ഉള്‍പെടെ 3 ടിടിപി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു; രാജ്യം കനത്ത ജാഗ്രതയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Kabul,News,Dead,Military,Blast,World,
കാബൂള്‍: (www.kvartha.com) തെക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ടിടിപി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി അഫ്ഗാന്‍ പ്രവിശ്യയായ പക്ടികയിലെ ബിര്‍മല്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ടുകള്‍. സംഭവത്തെ തുടര്‍ന്ന് രാജ്യം കനത്ത ജാഗ്രതയിലാണ്. 'പാകിസ്താനി താലിബാന്‍' എന്ന് അറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ(TTP) മൂന്ന് മുന്‍നിര കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്.

അബ്ദുല്‍ വാലി എന്ന ഒമര്‍ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്തി ഹസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പെടുന്നു. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയില്‍ ഉള്‍പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. പാകിസ്താനി താലിബാന്റെ മൊഹ്മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖൊറസാനി. സമീപകാലത്തെ പല വലിയ ആക്രമണങ്ങള്‍ക്കു പിന്നിലും ഇയാളുടെ പേരും ഉള്‍പ്പെട്ടിരുന്നു.

ഖൊറസാനിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കനത്ത ജാഗ്രത ഏര്‍പെടുത്തിയത്. ചിലയിടങ്ങളില്‍ മൊബൈല്‍ ശൃംഖല തടസപ്പെട്ടു. ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങള്‍ തടസപ്പെട്ടതായും റിപോര്‍ടുകളുണ്ട്. ശിയാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

റസാനിയും സംഘവും സഞ്ചരിച്ച കാര്‍ റോഡരികിലെ കുഴിബോംബില്‍ തട്ടിയുണ്ടായ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ടു ചെയ്തു. അഫ്ഗാനിസ്താനിലെ കുനാര്‍, നന്‍ഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് ഖൊറസാനിയും സംഘവും പ്രവര്‍ത്തിച്ചുവന്നിരുന്നത്.

സമാധാന ചര്‍ചകള്‍ക്കായി ടിടിപി നേതൃത്വവുമായി പാക് അധികൃതര്‍ ചര്‍ച നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സ്‌ഫോടനത്തില്‍ ഇവര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. രണ്ടു മാസമായി പാകിസ്താന്‍ സൈന്യവും ടിടിപി നേതൃത്വവും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയുണ്ടായിരുന്നു.

2016 ലെ ഈസ്റ്റര്‍ ഞായറാഴ്ച പാകിസ്താനിലെ കിഴക്കന്‍ നഗരമായ ലഹോറില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ ബോംബാക്രമണത്തിനു പിന്നില്‍ ഖൊറസാനിയുടെ പങ്ക് വെളിപ്പെട്ടിരുന്നു. ഈ സ്‌ഫോടനത്തില്‍ 75 പേരാണ് കൊല്ലപ്പെട്ടത്. 2016 മാര്‍ചില്‍ പെഷാവറിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ വധിച്ചതിലും ഖൊറസാനി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

2014 ല്‍ ടിടിപിയില്‍ നിന്ന് മാറി സ്വന്തമായി ജമാത്ത് ഉല്‍ അഹ്‌റാര്‍ എന്ന സംഘം രൂപീകരിച്ചായിരുന്നു ഈ ആക്രമണങ്ങള്‍. പിന്നീട് ഈ സംഘത്തെ പിരിച്ചുവിട്ട് ടിടിപിയിലേക്ക് ഖൊറസാനി മടങ്ങിയെത്തുകയായിരുന്നു. ടിടിപിയുടെ വിവിധ ആക്രമണങ്ങളില്‍ പാകിസ്താനില്‍ മാത്രം രണ്ടു പതിറ്റാണ്ടിനിടെ 80,000 പേര്‍ക്ക് ജീവാപായം ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞതിനു പിന്നാലെയാണ് അഫ്ഗാനിലെ പാക് താലിബാന്റെ മുന്‍നിര നേതാക്കളിലൊരാളായ ഖൊറസാനിയുടെ മരണവാര്‍ത്ത എത്തുന്നത്.

Top TTP commander, with USD 3 mn bounty, reportedly killed in Afghanistan, Kabul, News, Dead, Military, Blast, World


ഖൊറസാനിയുടെ മരണത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സവാഹിരിയുടെയും അല്‍ഖ്വയിദ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്റെയും അടുത്ത അനുയായി കൂടിയായ ഖൊറസാനിയുടെ മരണവും സവാഹിരിയുടെ മരണവും തമ്മില്‍ ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.

Keywords: Top TTP commander, with USD 3 mn bounty, reportedly killed in Afghanistan, Kabul, News, Dead, Military, Blast, World.

Post a Comment