തൃശൂര്‍: (www.kvartha.com) തൃശൂര്‍ ചേലക്കര അങ്കണവാടിയിലെ വാടര്‍ ടാങ്കില്‍ ചത്ത എലിയെും പുഴുക്കളെയും കണ്ടെത്തി. കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ചേലക്കര പാഞ്ഞാള്‍ പഞ്ചായതിലെ തൊഴുപ്പാടം 28 -ാം നമ്പര്‍ അങ്കണവാടിയിലെ കുടിവെള്ള ടാങ്കിലാണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. കുട്ടികള്‍ക്ക് കുടിക്കാന്‍ ഈ വാടര്‍ ടാങ്കറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെയാണ് രക്ഷിതാക്കള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്. അടുക്കളയിലെ വാടര്‍ പ്യൂരിഫിയറിനുള്ളില്‍ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കി. ആരോഗ്യ വകുപ്പിലെ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. അധ്യാപിക ഉള്‍പടെ രണ്ടുപേരാണ് അങ്കണവാടിയിലുള്ളത്. വാടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അങ്കണവാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാന്‍ പഞ്ചായത് ഭരണസമിതി തീരുമാനിച്ചു.