വാഷിങ്ടന്‍: (www.kvartha.com) 40 കാരിയായ ടെനിസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സെറീന തന്റെ ടെനിസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചത്. 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരം ആഗസ്റ്റ് അവസാനം നടക്കുന്ന യുഎസ് ഓപണിന് ശേഷം വിരമിക്കുമെന്നാണ് റിപോര്‍ട്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ടെനിസ് വിടുന്നതെന്നും സെറീന വ്യക്തമാക്കി. സജീവ ടെനിസ് താരമെന്ന നിലയില്‍ തന്റെ അവസാന ടൂര്‍നമെന്റായിരിക്കും ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപണെന്നും സെറീന അറിയിച്ചു.
'ഞാന്‍, വിരമിക്കുന്നു എന്ന വാക്ക് ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് വിവരിക്കാന്‍ ഏറ്റവും നല്ല വാക്ക് പരിണാമമെന്നാണ്. ഞാന്‍ ടെനിസില്‍നിന്ന് മാറിയിട്ട്, ഇനി എനിക്ക് പ്രിയപ്പെട്ട മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു' ഇതായിരുന്നു സെറീനയുടെ പരാമര്‍ശം.
1999ല്‍ 17-ാം വയസിലായിരുന്നു സെറീനയുടെ ആദ്യ കിരീടം. ഏഴ് വീതം ആസ്‌ട്രേലിയന്‍ ഓപണും വിംബ്ള്‍ഡണും ആറ് യുഎസ് ഓപണും മൂന്ന് ഫ്രഞ്ച് ഓപണും സെറീനയുടെ ഷെല്‍ഫിലുണ്ട്. 10 തവണ റണറപുമായി. മാര്‍ഗരറ്റ് കോര്‍ടിന്റെ 24 ഗ്രാന്‍സ്ലാം എന്ന റെകോഡിന് തൊട്ട് താഴെയാണിപ്പോള്‍.
സഹോദരി വീനസിനൊപ്പം 14 ഗ്രാന്‍സ്ലാം വനിത ഡബ്ള്‍സ് കിരീടങ്ങളും നേടി. മാക്‌സ് മിര്‍നിക്കൊപ്പം രണ്ട് മിക്‌സഡ് ഡബ്‌ളും. നാല് തവണ ഒളിംപിക്‌സിലും പങ്കെടുത്തു. സിംഗ്ള്‍സില്‍ ഒന്നും ഡബ്ള്‍സില്‍ മൂന്നും മെഡലുകള്‍ നേടി. പരിക്ക് കാരണം ഒരു വര്‍ഷത്തിലധികം വിട്ടുനിന്ന സെറീന ഈയടുത്ത് വിംബ്ള്‍ഡണിലൂടെ തിരിച്ചെത്തിയെങ്കിലും ആദ്യ റൗന്‍ഡില്‍ പുറത്തായി. ഇപ്പോള്‍ ടൊറന്റോയില്‍ നടക്കുന്ന വിമന്‍സ് നാഷനല്‍ ബാങ്ക് ഓപണില്‍ കളിക്കുന്നുണ്ട്.