ന്യൂയോര്‍ക്: (www.kvartha.com) പടിഞ്ഞാറന്‍ ന്യൂയോര്‍കില്‍ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം.
കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. റുഷ്ദിയുടെ കരളിനും ഗുരുതരമായി പരിക്കുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികിത്സ വെറ്റിലേറ്ററിന്റെ സഹായത്താലാണ്. ഇന്‍ഡ്യന്‍ സമയം വെള്ളിയാഴ്ച രാത്രി 8.30നാണ് ഷടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഉടന്‍ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക് പൊലീസ് അറിയിച്ചു.
റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ മിന്നല്‍വേഗത്തില്‍ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. രക്തത്തില്‍ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജില്‍ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കി.
സദസിലുണ്ടായ ഒരു ഡോക്ടറാണു അദ്ദേഹത്തെ പരിചരിച്ചത്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററില്‍ റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ കാതി ഹോകല്‍ അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.
Keywords: Salman Rushdie On Ventilator After New York Attack; May Lose One Eye, Liver Stabbed And Damaged, New York, News, Attack, Injured, Writer, Hospital, Treatment, World.