ജയ്പുര്‍: (www.kvartha.com) കഴിഞ്ഞ ദിവസം അധ്യാപകന്റെ മര്‍ദനമേറ്റ് ദലിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാജസ്താനില്‍ എംഎല്‍എ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി.
സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും എംഎല്‍എ അറിയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ദലിതര്‍ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണെന്നും ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നുവെന്നും പനചന്ദ് മേഘ്വാള്‍ മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ പറഞ്ഞു.
സ്‌കൂളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചാണ് ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥി ഇന്ദ്രകുമാര്‍ മേഘ്വാള്‍ (9) മരിച്ചത്. തുടര്‍ന്ന് അധ്യാപകന്‍ ചായില്‍ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 20 ന് മുഖത്തും ചെവിയിലും മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ബാലനെ ഉദയ്പുരിലെ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹ് മദാബാദിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.