ന്യൂഡെല്‍ഹി: (www.kvartha.com) ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2ജി എഥനോള്‍ പ്ലാന്റ് ആഗസ്ത് 10 ന് രാജ്യത്തിന് സമര്‍പ്പിക്കും. ഹരിയാനയിലെ പാനിപതില്‍ ബുധനാഴ്ച വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കുന്നതിനായി സര്‍കാര്‍ വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് പ്ലാന്റിന്റെ സമര്‍പ്പണം. ഊര്‍ജ മേഖലയെ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമാക്കി മാറ്റാനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണിത്.
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (IOCL) 900 കോടി രൂപ ചെലവിലാണ് പാനിപത് റിഫൈനറിക്ക് സമീപം 2 ജി എഥനോള്‍ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, പ്രതിവര്‍ഷം ഏകദേശം രണ്ടു ലക്ഷം ടണ്‍ നെല്ലിന്റെ വൈക്കോല്‍ ഉപയോഗിച്ച് ഏകദേശം മൂന്നു കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ ഈ പദ്ധതി ഇന്‍ഡ്യയുടെ മാലിന്യത്തില്‍ നിന്നും സമ്പത്ത് ഉണ്ടാക്കുന്ന ഉദ്യമങ്ങളില്‍ ഒരു പുതിയ അധ്യായം രചിക്കും.
കാര്‍ഷിക-വിള അവശിഷ്ടങ്ങള്‍ക്ക് അന്തിമ ഉപയോഗം സൃഷ്ടിക്കുന്നത് കര്‍ഷകരെ ശാക്തീകരിക്കുകയും അവര്‍ക്ക് അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യും. പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ക്ക് പദ്ധതി നേരിട്ട് തൊഴില്‍ നല്‍കുകയും വൈക്കോല്‍ മുറിക്കല്‍, കൈകാര്യം ചെയ്യല്‍, സംഭരണം മുതലായവയ്ക്ക് വിതരണ ശൃംഖലയില്‍ പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പദ്ധതിയില്‍ ജലം പുറന്തള്ളല്‍ ഒട്ടും ഉണ്ടാവില്ല. വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കുന്നതിലൂടെ, പ്രതിവര്‍ഷം ഏകദേശം മൂന്നു ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തിന് തുല്യമായ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യുന്നു. ഇത് രാജ്യത്ത് പ്രതിവര്‍ഷം 63,000 കാറുകള്‍ റോഡുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.
Keywords: PM Modi to dedicate 2G ethanol plant in Panipat on August 10, New Delhi, News, Business, Prime Minister, Narendra Modi, National.