PM Speech | 82 മിനിട് ദൈര്‍ഘ്യമുള്ള സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് ടെലിപ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പ്രധാനമന്ത്രി; ചെങ്കോട്ടയിലെ പ്രസംഗത്തിനായി ഉപയോഗിച്ചത് കടലാസ് കുറിപ്പുകള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) 82 മിനിട് ദൈര്‍ഘ്യമുള്ള സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിപ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പകരം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. ജനങ്ങളെ അഭിനന്ദിച്ചാണ്, ചെങ്കോട്ടയില്‍ നിന്ന് ഒന്‍പതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം അദ്ദേഹം ആരംഭിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ വി ഡി സവര്‍ക്കറേയും പ്രധാന മന്ത്രി അനുസ്മരിച്ചു.

2014ല്‍ പ്രധാനമന്ത്രിയായി ആദ്യവട്ടം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് മോദി സംസാരിച്ചത്. അന്ന് വലിയ കുറിപ്പുകള്‍ പോലും അദ്ദേഹം കരുതിയിരുന്നില്ലെന്നും ചെറിയ പോയിന്റുകള്‍ എഴുതിയത് മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നതെന്നുമാണ് റിപോര്‍ടുകള്‍ വന്നിരുന്നത്.

ത്രിവര്‍ണനിറത്തിലെ തലപ്പാവുമായാണ് മോദി പ്രസംഗത്തിനെത്തിയത്. ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചതില്‍ പൗരന്മാര്‍ അവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അനസ്മരിച്ചു.

സ്വാതന്ത്ര്യ ദിന പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി സവര്‍ക്കറുടെ ചിത്രം ഉള്‍പെടുത്തിയ കര്‍ണാടക സര്‍കാര്‍ നടപടി വിവാദമായതിന് പിന്നാലെയാണ് സവര്‍ക്കറെ പരാമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.

രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് വ്യോമസേനാ ഹെലികോപ്ടറുകള്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയില്‍ എന്‍സിസിയുടെ സ്പെഷ്യല്‍ യൂത് എക്സ്ചേന്‍ജ് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളില്‍ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

PM Speech | 82 മിനിട് ദൈര്‍ഘ്യമുള്ള സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് ടെലിപ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പ്രധാനമന്ത്രി; ചെങ്കോട്ടയിലെ പ്രസംഗത്തിനായി ഉപയോഗിച്ചത് കടലാസ് കുറിപ്പുകള്‍


ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയല്‍ 21-ഗണ്‍ സല്യൂടിന് തദ്ദേശീയമായി നിര്‍മിച്ച ഹോവിറ്റ്സര്‍ തോക്കുകളാകും ഉപയോഗിക്കുക. ഡിആര്‍ഡിഒ വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടോഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക് ഇന്‍ ഇന്‍ഡ്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ തന്റെ സുദീര്‍ഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. വികസനത്തില്‍ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര്‍ അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാര്‍ കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.

വരാനിരിക്കുന്ന അഞ്ച് വര്‍ഷക്കാലം രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അടിമത്ത മനോഭാവത്തില്‍ നിന്നും പൂര്‍ണമായി മാറണമെന്നും രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും മോദി ഓര്‍മിപ്പിച്ചു. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Keywords:  News,National,India,New Delhi,Prime Minister,Narendra Modi,Top-Headlines,Independence-Day,Trending, PM Modi Ditches Teleprompter, Uses Paper Notes For Independence Day Speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia