ബാഴ്‌സലോന: (www.kvartha.com) ബാഴ്‌സലോനയില്‍ മധുവിധു ആഘോഷിക്കുകയാണ് താരദമ്പതികളായ നയന്‍താരയും വിഘ്‌നേശ് ശിവനും. ഇതിനിടെ ഇപ്പോഴിതാ, ബാഴ്‌സലോനയില്‍ നിന്നുള്ള പുതിയ ഫോടോ പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. നയന്‍താരയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന അവധിയാഘോഷ ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
തെന്നിന്‍ഡ്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളുടെ വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. 'നയന്‍താര: ബിയോന്‍ഡ് ദ് ഫെയറി ടെയില്‍' എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. വിഘ്‌നേശിന്റെയും നയന്‍താരയുടെയും നിര്‍മാണ കംപനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്. നയന്‍താര- വിഘ്‌നേശ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി.
ജൂണ്‍ ഒന്‍പതാം തീയതി മഹാബലിപുരത്തെ ആഡംബര ഹോടെല്‍ ആയ ഷെറാടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര റിസോര്‍ട് പൂര്‍ണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക് ചെയ്തിരുന്നു. തെക്കേയിന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലും ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. രജനീകാന്തും ശാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.